ടി20 ലോകകപ്പിൽ എല്ലായിപ്പോഴും പാകിസ്താന് മേൽ ഇന്ത്യക്ക് ആധിപത്യമുണ്ട്. ഇന്നലെ ആ ആധിപത്യം തകരുമോയെന്ന പേടി ആരാധകർക്ക് ഉണ്ടായിരുന്നു. കാരണം ന്യൂയോർക്കിലെ മോശം പിച്ചിന്റെ ആനുകൂല്യങ്ങളെല്ലാം തുടക്കത്തിൽ തന്നെ പാകിസ്താന് ലഭിച്ചിരുന്നു. ആദ്യം ടോസിന്റെ ഭാഗ്യം തുണച്ചു. പിന്നാലെ ബൗളിംഗിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യൻ ആരാധകരെ നിരാശപ്പെടുത്തി. മറുപടി ബാറ്റിംഗിലെ ആദ്യ പകുതിയിലും ആധിപത്യം പുലർത്തി. പിന്നീടങ്ങോട്ട് കഥമാറി. മുഹമ്മദ് റിസ്വാനെ ബുമ്ര ബൗൾഡാക്കിയതോടെ പാക് ക്രിക്കറ്റ് ചരിത്രത്തിന്റെ തനിയാവർത്തനത്തിലേക്ക് കുഴിവെട്ടി.
ഭൂഖണ്ഡം മാറിയിട്ടും പാകിസ്താനെതിരായ ഇന്ത്യയുടെ വിജയത്തിൽ വ്യത്യാസമുണ്ടായില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ എക്‌സിൽ കുറിച്ചു. ടി20 ബാറ്റർമാരുടെ പറുദീസയാണെങ്കിൽ ന്യൂയോർക്കിൽ ബൗളർമാർ കളംനിറയുകയായിരുന്നു. ആവേശകരമായ മത്സരത്തിനാണ് നാസ്സോ സ്‌റ്റേഡിയം വേദിയായതെന്നും ഇന്ത്യൻ താരങ്ങൾ സർവ്വമേഖലകളിലും തിളങ്ങിയെന്നും സച്ചിൻ എക്‌സിൽ കുറിച്ചു. ഇന്നലെ സ്റ്റേഡിയത്തിൽ മത്സരം കാണാൻ സച്ചിനുമുണ്ടായിരുന്നു.
ഇന്ത്യൻ ടീമിന്റെ വിജയത്തിൽ ബിസിസിഐ സെക്രട്ടറി ജയ് ഷായും സന്തോഷം പ്രകടിപ്പിച്ചു. ടൂർണമെന്റിലെ തുടർച്ചയായ രണ്ടാം ജയം. ഈ വിജയം സന്തോഷത്തിന്റെ മാറ്റ് കൂട്ടി. മികച്ച പ്രകടനം ടൂർണമെന്റിലുടനീളം പുറത്തെടുക്കാൻ സാധിക്കട്ടെയെന്നാണ് അദ്ദേഹം എക്‌സിൽ കുറിച്ചത്. പാകിസ്താനെതിരെ ആറ് റൺസിനായിരുന്നു ഇന്ത്യയുടെ ജയം.