സിനിമാപ്രേമികളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ പ്രഭാസ് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം കൽക്കി 2898 എഡിയുടെ ട്രെയിലർ പുറത്തുവന്നു. ഇന്ത്യൻ സിനിമയുടെ തലവര തന്നെ മാറ്റുന്ന ചിത്രമായിരിക്കും കൽക്കി എന്ന് അടിവരയിട്ട് പറയുന്ന ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. 2898-ല്‍ ഭൂമിയില്‍ നടക്കുന്ന സംഭവങ്ങളെ ആസ്‌പദമാക്കിയുള്ളതാണ് സംവിധായകൻ നാഗ് അശ്വിൻ ഒരുക്കുന്ന ചിത്രം. പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദിഷാ പടാനി എന്നിവരുടെ കഥാപാത്രങ്ങളിലൂടെയാണ് ട്രെയിലറിൽ കഥ പറഞ്ഞു പോകുന്നത്.
ഭൂമിയിലെ അവസാനത്തെ നഗരമായ കാശിയെ കാണിച്ചുകൊണ്ടാണ് ട്രെയിലറിൽ കഥയാരംഭിക്കുന്നത്. അവിടെ ഏകാധിപതിയായി വാഴുന്ന രാജാവ്. അയാളുടെ കീഴിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾ. അവർക്ക് ഒരു രക്ഷകൻ വരുന്നു. ഒരു അവതാരം പിറവിയെടുക്കാൻ പോകുന്നു. ആ കുഞ്ഞിനെ സംരക്ഷിക്കാനും വധിക്കാനും ശ്രമിക്കുന്ന കൂട്ടർ. ദീപിക പദുക്കോണാണ് ചിത്രത്തിൽ അവതാരമായ കുട്ടിയുടെ അമ്മ വേഷം ചെയ്യുന്നത്. ആ കുട്ടിക്ക് സംരക്ഷണം ഒരുക്കുന്ന അശ്വത്ഥാമാവ് എന്ന കഥാപാത്രമായി എത്തുന്നത് അമിതാഭ് ബച്ചനാണ്.
പുതിയ ഒരു യുഗത്തിന് തുടക്കം കുറിക്കാൻ പോകുന്ന കുട്ടിയുടെ അമ്മയെ തേടി ഇറങ്ങിപ്പുറപ്പെടുന്ന അജയ്യനായ യോദ്ധാവായാണ് കൽക്കിയിൽ പ്രഭാസ് വേഷമിടുന്നത്. ഭൈരവൻ എന്നതാണ് പ്രഭാസ് ചെയ്യുന്ന യോദ്ധാവിന്റെ നാമം. ദീപികയുടെ കഥാപാത്രത്തിനരികിൽ അമിതാഭ് ബച്ചന്റെ കഥാപാത്രമായ അശ്വത്ഥാത്മാവ് ആദ്യം എത്തുമോ, അതോ ഭൈരവൻ എന്ന യോദ്ധാവ് ആദ്യം എത്തുമോ എന്നതാണ് ട്രെയിലറിൽ സൂചിപ്പിക്കുന്ന കഥ. ട്രെയിലറിന്റെ അവസാന നിമിഷങ്ങളിൽ ആരാധകരെ ഞെട്ടിച്ചുകൊണ്ട് കമൽഹാസനും പ്രത്യക്ഷപ്പെടുന്നു.
ട്രെയിലറിൽ ഒരു ഭാഗത്ത് ശോഭനയേയും കാണാം. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് നിർമ്മിക്കുന്ന ഈ ബഹുഭാഷാചിത്രം സയൻസ് ഫിക്ഷൻ- ആക്ഷൻ ജോണറിലാണ് പുറത്തിറങ്ങുന്നത്. ഈ ബിഗ് ബജറ്റ് സിനിമയിലെ മറ്റൊരു ആകർഷണം ബുജ്ജി എന്ന റോബോർട്ടാണ്. ബുജ്ജിയ്‌ക്കായി ശബ്ദം നൽകിയിരിക്കുന്നത് നടി കീർത്തി സുരേഷാണ്. ജൂൺ 27-ന് ചിത്രം തീയറ്ററുകളിൽ എത്തും.