21-കാരനായ പിതാവ് അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ നിലത്തടിച്ച് കാെന്നു. ഭാര്യയുമായുള്ള തർക്കത്തിന് പിന്നാലെയായിരുന്നു മദ്യപന്റെ ക്രൂരത. പ്രതിയായ ഖുഷിറാം താക്കൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു. നവി മുംബൈയിലായിരുന്നു ദാരുണ സംഭവം. ഭാര്യ അമൃതയുമായുണ്ടായ വാക്കുതർക്കത്തിന് പിന്നാലെയാണ് ഇയാൾ നീച കൃത്യം നടത്തിയത്.
തർക്കത്തിന് പിന്നാലെ യുവതി കുഞ്ഞിനെയുമെടുത്ത് അവരുടെ വീട്ടിലേക്ക് പോയി. മദ്യപിച്ച് ലക്കുകെട്ട ഭർത്താവ് ഇവരെ പിന്തുടർന്ന് അടുത്തുള്ള ഭാര്യ വീട്ടിലെത്തി. കുഞ്ഞിനെ ഭാര്യയുടെ കൈയിൽ നിന്ന് ബലം പ്രയോഗിച്ച് വാങ്ങി നിലത്തടിക്കുകയായിരുന്നു. പിഞ്ചു കുഞ്ഞ് തത്ക്ഷണം മരിച്ചു.
ഒരു വർഷം മുൻപാണ് ഇവർ പ്രണയിച്ച് വിവാഹിതരായത്. സ്ഥിരം മദ്യപാനിയായിരുന്ന യുവാവ് ഭാര്യയെ പതിവായി മദ്യപിക്കാറുണ്ടായിരുന്നു. ഞായറാഴ്ച രാത്രിയും പതിവ് പോലെ മദ്യപിച്ചെത്തി ഭാര്യയെ മർദ്ദിക്കുകയായിരുന്നു. കുട്ടിയെ ആക്രമിക്കുമെന്ന് പേടിച്ചാണ് ഇവർ അമ്മ വീട്ടിലേക്ക് പോയത്.
ഏറെ അകലെയല്ലാത്ത ആ വീട്ടിലെത്തിയ ഭർത്താവ് ഭാര്യയോട് കൂടെ വരണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചു. അമൃത ഇതിന് തയാറായില്ല. ഇതോടെ കുട്ടിയെ തട്ടിയെടുത്ത് നിലത്തടിക്കുകയായിരുന്നു പ്രതി. കുഞ്ഞിനെ ഉറാനിലെ പ്രദേശത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.