കേരളത്തിൽ നിന്നുള്ള ഏക ബിജെപി എംപി, എൻഡിഎയുടെ ആദ്യ കേരളാ എംപി, മലയാളത്തിന്റെ സ്വന്തം സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. ടൂറിസം, പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയങ്ങളുടെ ചുമതലയാണ് സുരേഷ് ഗോപിയിൽ നിക്ഷിപ്തമായിരിക്കുന്നത്.
കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും സുപ്രധാനമായ വകുപ്പുകളിലൊന്നാണ് ടൂറിസം. ഇന്ത്യയുടെ ഒരു കോണിലുള്ള തീരദേശ സംസ്ഥാനമായ കേരളത്തിന്റെ ടൂറിസം സാധ്യതകളേറെയാണെന്നത് സുരേഷ് ഗോപിക്ക് ലഭിച്ച വകുപ്പിന്റെ പ്രാധാന്യം വിളിച്ചോതുന്നു. പച്ചപ്പിലും ഹരിതാഭയിലും ഒതുങ്ങി നിൽക്കുന്നതല്ല കേരളത്തിലെ ടൂറിസം സാധ്യതകൾ. തീർത്ഥാടക ടൂറിസം മുതൽ തീരദേശ ടൂറിസം വരെ ഒട്ടനവധി സാധ്യതകളുള്ള നാടാണ് കേരളം. മല, കാട്, കുന്നിൻ ചെരുവുകൾ, വെള്ളച്ചാട്ടങ്ങൾ, മനോഹരമായ ബീച്ചുകൾ, ഹിൽ സ്റ്റേഷനുകൾ തുടങ്ങി കേരളത്തിലെ ഏതുജില്ലയിലും ടൂറിസം സാധ്യതയുണ്ടെന്നതാണ് പ്രത്യേകത. എന്നിരുന്നാലും സംസ്ഥാനത്തിന്റെ ടൂറിസം വകുപ്പ് കൈകാര്യം ചെയ്തവർ ആർക്കും തന്നെ പോസ്റ്ററുകൾ അടിക്കുന്നതിനപ്പുറം ടൂറിസം മേഖലയിൽ കാര്യമായ മുന്നേറ്റം നടത്താൻ കഴിഞ്ഞിട്ടില്ലെന്നത് മറ്റൊരു യാഥാർത്ഥ്യം.
ഒരു ദിവസം കൊണ്ട് കേരളം മുഴുവൻ കാണാമെന്ന പ്രഖ്യാപനവുമായി ആരംഭിച്ച ഹെലി ടൂറിസം, കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും വിളിച്ചതോടുന്ന തീർത്ഥാടന കേന്ദ്രങ്ങൾ കൂടുതൽ സഞ്ചാരികളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് ആരംഭിച്ച മൈക്രോ വൈബ്സൈറ്റ് പദ്ധതി, ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് തുടങ്ങിയ കാരവാൻ ടൂറിസം, ബീച്ചുകളിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബ്രിഡ്ജുകൾ തുടങ്ങി എല്ലാ ടൂറിസം പദ്ധതികളും വെള്ളത്തിൽ വരച്ച വരയായി മാറിയിരിക്കുകയാണ്. വമ്പൻ പ്രഖ്യാപനത്തോടെ പി.എ മുഹമ്മദ് റിയാസ് തുടങ്ങിവച്ച ഒട്ടുമിക്ക ടൂറിസം പദ്ധതികളും പ്രഖ്യാപനങ്ങൾ മാത്രമായി, എങ്ങുമെത്താതെ അവസാനിച്ചു, അതും തുടങ്ങിയതിനേക്കാൾ വേഗത്തിൽ..
റിയാസിന്റെ വാക്കുകൾ തന്നെ കടമെടുത്താൽ, ‘വാഗ്ദാനങ്ങൾ വെറും വാക്കല്ല, പാലിക്കപ്പെടാനുള്ളതാണ്’ എന്ന കാര്യം ഒരുപക്ഷെ മന്ത്രി മറന്നുപോയതാകാം, ഹെലി ടൂറിസം മുതൽ കാരവാൻ ടൂറിസം വരെ പേപ്പറുകളിൽ മാത്രം ഒതുങ്ങിയത്. വർത്തമാന കേരളത്തിലേക്ക് കേന്ദ്രടൂറിസം മന്ത്രാലയത്തിന്റെ ചുമതലയുമായി ബിജെപിയുടെ ആദ്യ കേരള എംപി എത്തുമ്പോൾ എങ്ങുമെത്താതെ പോയ കേരളാടൂറിസം പദ്ധതികൾക്ക് പുതുജീവൻ ലഭിക്കും.
തീർത്ഥാടന ടൂറിസത്തിന് (PILGRIM TOURISM) ഉയർന്ന സാധ്യതകളുള്ള സംസ്ഥാനത്ത് സുരേഷ് ഗോപിയുടെ ഇടപെടലുകൾ വൻ മാറ്റത്തിന് വഴിയൊരുക്കിയേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി പരാമർശിക്കാനിടയായ കേരളത്തിലെ നാലമ്പല തീർത്ഥാടനത്തിന് അടക്കം ദേശീയശ്രദ്ധ ലഭിക്കാനും ഇതരസംസ്ഥാനങ്ങളിൽ നിന്നുൾപ്പടെ തീർത്ഥാടകരെ ആകർഷിക്കാനും കേന്ദ്രമന്ത്രിയുടെ ഇടപെടലുകൾക്ക് സാധിച്ചേക്കും. ഒരു ജില്ലയിലെ മുഴുവൻ തീർത്ഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന ടൂറിസം പദ്ധതികൾ അടക്കം യാഥാർത്ഥ്യമായേക്കും. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ടൂറിസം വകുപ്പിന്റെ വെബ്സൈറ്റിൽ മാത്രമൊതുങ്ങാതെ കാര്യമായ സർക്കാർ ഇടപെടലുകൾ ഉണ്ടാവുകയും സംസ്ഥാനത്തെ ടൂറിസം മേഖലയുടെ മുഖച്ഛായ തന്നെ മാറ്റിയെഴുതാൻ സുരേഷ് ഗോപിയുടെ മന്ത്രിപദം സഹായിച്ചേക്കുമെന്നുമാണ് വിലയിരുത്തൽ. പദ്ധതികൾക്ക് സംസ്ഥാനത്തിന്റെ സഹകരണം കൂടിയുണ്ടെങ്കിൽ നിരവധി പേർക്ക് തൊഴിൽ ലഭിക്കുന്ന ധാരാളം സംരംഭങ്ങൾ ഇനി ടൂറിസം മേഖലയിൽ ആവിഷ്കരിക്കാനാകും.