ന്യൂഡൽഹി: ഈ മാസം 18ന് വാരാണസിയിൽ സന്ദർശനം നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. വാരാണസിയിൽ നടക്കുന്ന കർഷക സമ്മേളനത്തേയും അദ്ദേഹം അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മൂന്നാം വട്ട എൻഡിഎ സർക്കാർ രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ സന്ദർശനമാണിത്. കിസാൻ സമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷം കാശി വിശ്വനാഥ ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തും. ദശ്വാശ്വമേധ് ഘട്ടിലെ ഗംഗാ ആരതിയിലും അദ്ദേഹം പങ്കെടുക്കും.
കർഷക സമ്മേളനത്തിന്റെ വേദി ഉടൻ തീരുമാനിക്കുമെന്ന് ബിജെപി കാശി മേഖലാ പ്രസിഡന്റ് ദിലീപ് പട്ടേൽ വ്യക്തമാക്കി. റൊഹാനിയയിലോ സേവാപുരിയിലോ സമ്മേളനം നടത്താനാണ് ആലോചിക്കുന്നത്. സന്ദർശനവുമായി ബന്ധപ്പെട്ടുള്ള വിവിധ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ബിജെപി നേതാക്കൾ ഇന്നലെ യോഗം ചേർന്നു. പ്രധാനമന്ത്രിക്ക് വലിയ സ്വീകരണം ഒരുക്കാൻ പാർട്ടി പ്രവർത്തകർ തീരുമാനിച്ചു.
രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മൂന്നാം വട്ടവും നരേന്ദ്രമോദി അധികാരമേറ്റു എന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്നും, വിപുലമായ സ്വീകരണം ഒരുക്കാൻ വാരാണസിയിലെ ജനങ്ങൾ കാത്തിരിക്കുകയാണെന്നും ബിജെപി കിസാൻ മോർച്ച ജനറൽ സെക്രട്ടറി ജൈനനാഥ് മിശ്ര പറഞ്ഞു. മൂന്നാം വട്ടം പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം കർഷകർക്കായുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള ഫയലിലാണ് അദ്ദേഹം ആദ്യം ഒപ്പുവച്ചത്. കിസാൻ നിധിയുടെ പതിനേഴാം ഗഡു വിതരണം ചെയ്യാനുള്ള പദ്ധതിയാണ്. 20,000 കോടി രൂപയുടെ ഈ പദ്ധതി വഴി രാജ്യത്തെ 9.3 കോടി കർഷകർക്കാണ് ഗുണം ലഭിക്കുന്നത്.















