ബെംഗളൂരു: കർണാടകയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിനുള്ള മുന്നറിയിപ്പാണെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. പൊതുതെരഞ്ഞെടുപ്പ് ഫലങ്ങൾ കൃത്യമായി അവലോകനം ചെയ്യണമെന്നും, തിരുത്തൽ നടത്തുന്നതിന് വേണ്ടിയുള്ള അപായ സൂചനയാണ് ഇപ്പോൾ വന്നിരിക്കുന്നതെന്നും ഡി കെ ശിവകുമാർ പറയുന്നു.
കർണാടകയിലെ 28 ലോക്‌സഭാ സീറ്റുകളിൽ ഒൻപത് മണ്ഡലങ്ങളിൽ മാത്രമാണ് ഭരണകക്ഷി കൂടിയായ കോൺഗ്രസിന് ഇക്കുറി വിജയം നേടാനായത്. സംസ്ഥാനത്തെ ഭൂരിപക്ഷം സീറ്റുകളും പിടിക്കുമെന്ന അവകാശവാദവുമായി രംഗത്തെത്തിയ കോൺഗ്രസിന് വലിയ രീതിയിൽ അടിപതറുന്ന കാഴ്ചയാണ് ഫലപ്രഖ്യാപനത്തോടെ കാണാനായത്. എന്നാൽ തിരുത്തൽ നടപടികൾ വേണമെന്നും, ഈ രീതിയിൽ മുന്നോട്ട് പോകാനാകില്ലെന്നുമാണ് ശിവകുമാർ വ്യക്തമാക്കിയത്. കുമാരകൃപയിലെ ഔദ്യോഗിക വസതിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” നേതാക്കളുമായി ചേർന്ന് വിശദമായ അവലോകന യോഗങ്ങൾ നടത്തും. ആത്മപരിശോധന നടത്താനും, പ്രശ്‌നങ്ങൾ തിരുത്താനുമുള്ള സമയമാണിത്. ഒരു അപായമണിയാണിത്. പാർട്ടിക്കുള്ള മുന്നറിയിപ്പ് കൂടിയാണിതെന്നും” ശിവകുമാർ പറയുന്നു. പാർട്ടിക്കേറ്റ പരാജയത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും അവലോകന യോഗങ്ങൾ ചേരുമെന്നും, പരാജയത്തിന്റെ കാരണങ്ങൾ അവലോകനം ചെയ്യുമെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
” കർണാടകയിലും ഹിമാചലിലും മികച്ച ഫലം ഉണ്ടാക്കാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ല. ജനവിധി അംഗീകരിക്കണം. പാർട്ടി കോട്ടകളിൽ പോലും വോട്ട് കുറയുന്ന സാഹചര്യം ഉണ്ടായി. വോട്ട് കുറഞ്ഞതിന്റെ പേരിൽ മന്ത്രിമാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കൾ പാർട്ടി പ്രവർത്തകരുമായി സംസാരിച്ച് കാരണങ്ങൾ കണ്ടെത്തണമെന്നും” ശിവകുമാർ പറഞ്ഞു.















