ഭുവനേശ്വർ: ഒഡിഷയിൽ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്കിനെ ക്ഷണിക്കാനൊരുങ്ങി ബിജെപി. നാളെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ഇന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും. 24 വർഷം നീണ്ടു നിന്ന ഭരണകാലത്തിനാണ് ഇതോടെ അവസാനമാകുന്നത്.
മികച്ച ഭൂരിപക്ഷത്തോടെയാണ് ബിജു ജനതാദളിൽ നിന്ന് ബിജെപി അധികാരം പിടിച്ചെടുത്തത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ മൻമോഹൻ സമൽ നേരിട്ട് നവീൻ പട്നായിക്കിനെ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് ഒഡിഷയിലെ ബിജെപി നാഷണൽ ഒബ്‌സർവർ വിജയ്പാൽ സിംഗ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.
മൻമോഹൻ സമൽ, ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ പട്‌നഗറിൽ നിന്നുള്ള എംഎൽഎയുമായ കെ.വി. സിംഗ് ദിയോ, കിയോഞ്ചറിൽ നിന്നുള്ള മോഹൻ മാജ്ഹി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നത്. പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ചതിന് ശേഷം പാർട്ടി എംഎൽഎമാർ ഗവർണർ രഘുബർ ദാസിനെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിൽ 147 സീറ്റുകളിൽ 78 സീറ്റുകളാണ് ബിജെപി നേടിയത്. ബിജെഡി 51 സീറ്റുകളും കോൺഗ്രസ് 14 സീറ്റുകളും നേടി. സിപിഎമ്മിന് ഒരു സീറ്റും, മൂന്ന് പേർ സ്വതന്ത്ര സ്ഥാനാർത്ഥികളായും വിജയിച്ചു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ബിജെഡിക്ക് ഇക്കുറി 62 സീറ്റുകളുടെ നഷ്ടമാണ് സംഭവിച്ചത്. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ നവീൻ പട്‌നായിക്കിന്റെ അടുത്ത അനുയായികളായ വി കെ പാണ്ഡ്യനും, അച്യുത് സാമന്തയും സജീവ രാഷ്‌ട്രീയത്തിൽ നിന്ന് വിടവാങ്ങുകയാണെന്നും പ്രഖ്യാപിച്ചിരുന്നു.