നിത്യജീവിതത്തിൽ യോഗ ഉൾപ്പെടുത്തുന്നതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവിതത്തിലെ പ്രതിസന്ധികളെയും വെല്ലുവിളികളെയും ചെറുത്തുനിൽക്കാനും സധൈര്യം മുന്നോട്ട് പോകാനുള്ള ഊർജ്ജവും യോഗ നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും യോഗ അഭ്യസിക്കണമെന്നും പ്രധാനമന്ത്രി അഭ്യത്ഥിച്ചു.
ഇന്നേക്ക് പത്താം നാൾ ലോകം പത്താമത് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കും. ദശലക്ഷക്കണക്കിന് ആളുകളെ ഒന്നിപ്പിക്കാൻ യോഗയ്ക്ക് കഴിഞ്ഞെന്നും സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ അതിരുകൾ മറികടന്ന് ഐക്യം പ്രോത്സാഹിപ്പിക്കുന്നതിൽ യോഗയുടെ പങ്കിനെ കുറിച്ചും പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. യോഗ അഭ്യസിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി വരും ദിവസങ്ങളിൽ വീഡിയോകൾ പങ്കുവയ്ക്കുമെന്നും പ്രധാനമന്ത്രി എക്സിലൂടെ അറിയിച്ചു.
യോഗയുടെ പ്രാധാന്യവും നേട്ടങ്ങളെയും ഓർമ്മപ്പെടുത്തുന്നതിനും അവബോധം നൽകാനുമാണ് ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നത്. 2014 സെപ്തംബർ 27-ന് യുഎൻ ജനറൽ അസംബ്ലിയുടെ 69-ാമത് സെഷനിൽ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യോഗയ്ക്കായി ഒരു ദിനം സമർപ്പിക്കുക എന്ന ആശയം മുന്നോട്ട് വച്ചത്. 193 യുഎൻ അംഗരാജ്യങ്ങളും ഏകകകണ്ഠമായ ധാരണയോടെ, 2014 ഡിസംബർ 11 ന്, ഐക്യരാഷ്ട്രസഭ ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു. 2015 മുതൽ എല്ലാ വർഷവും ജൂൺ 21ന് അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കുന്നു.
യോഗയ്ക്ക് എട്ട് വിഭാഗങ്ങളാണ് ഉള്ളത്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് ഈ വിഭാഗങ്ങൾ. ഇതിൽ ആദ്യത്തെ നാലെണ്ണം ഹഠയോഗം എന്നാണ് അറിയപ്പെടുന്നത്. ശരീരവും മനസും പുഷ്ടിപ്പെടുത്തുന്നതിനാണ് ഇത്. രാജയോഗമെന്ന് വിശേഷിപ്പിക്കുന്ന രണ്ടാമത്തെ നാലെണ്ണം ആധ്യാത്മിക ഉന്നതി പ്രാപിക്കുന്നതിനും സഹായിക്കുന്നു.