എറണാകുളം: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ വെളിപ്പെടുത്തലുമായി യുവതിയുടെ അച്ഛൻ. അവർ സമ്മർദ്ദം ചെലുത്തി പറയിപ്പിച്ചതാണെന്നും മകളെ കാണാനില്ലെന്ന് ഇന്നലെയാണ് അറിഞ്ഞതെന്നും യുവതിയുടെ അച്ഛൻ മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.
സമ്മർദ്ദത്തിന് വഴങ്ങിയാണ് മകൾ മൊഴി മാറ്റിയത്. പൊലീസ് അന്വേഷിച്ച് കണ്ടെത്തണം. ഞായറാഴ്ചയും തിങ്കളാഴ്ചയും മകളെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. പക്ഷേ മൊബൈൽ സ്വിച്ച് ഓഫായിരുന്നു. പിന്നീട് മകളുടെ ഓഫീസിലേക്ക് വിളിച്ചപ്പോഴാണ് മകൾ അവിടെ എത്തിയിട്ടില്ലെന്ന് അറിയുന്നത്.
അതൊന്നും എന്റെ മകൾ എവിടെ എങ്കിലും പോയി നിന്ന് പറയുന്നതല്ല, ഇതിന്റെ പിന്നിൽ അവരാണ്. മകൾ ഒരുപാട് മാനസിക പ്രശ്നങ്ങൾ നേരിടുന്നുണ്ട്. മകൾ അവരുടെ കസ്റ്റഡിയിലാണ്. ഇനിയൊരു കല്യാണം ഉണ്ടാകുമോ എന്ന് അവൾ ഭയന്നിരുന്നു. മകളുടെ ശരീരത്തിൽ കണ്ട മുറിവുകൾ കണ്ടിട്ടാണ് പരാതി നൽകിയത്. അത് മകൾ തിരുത്തി പറഞ്ഞത് സമ്മർദ്ദം കാരണമല്ലാതെ മറ്റെന്താണ്. എന്താണ് സംഭവിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാതാപിതാക്കളുടെ പ്രേരണയെ തുടർന്നാണ് പീഡന പരാതി ഉന്നയിച്ചതെന്നാണ് യുവതി ആരോപിച്ചത്. വീഡിയോ സന്ദേശത്തിലൂടെയാണ് യുവതി മൊഴിമാറ്റി പറഞ്ഞത്. പരിക്കുകൾ ശുചിമുറിയിൽ വീണുണ്ടായതാണ്. രാഹുലിനോടും കുടുംബത്തിനോടും മാപ്പ് പറയുന്നു. സ്ത്രീധനം ആവശ്യപ്പെട്ടുവെന്ന മാെഴി നൽകിയത് അഭിഭാഷകന്റെ നിർദേശത്തിലെന്നും യുവതി പറഞ്ഞു.















