ഹാലാസ്യനാഥനായ സുന്ദരേശൻ വേഗവതീ നദിയെ മധുരയിലേക്ക് കൊണ്ടുവന്ന ലീലയാണ് ഇത്. അശ്വാലയത്തിൽ കുതിരയുടെ രൂപത്തിൽ പ്രവേശിക്കപ്പെട്ട കുറുക്കന്മാർ സ്വന്തം രൂപം സ്വീകരിച്ചുകൊണ്ട് ഇങ്ങനെ ചിന്തിച്ചു.
“കുതിരയുടെ രൂപം തന്ന് നമ്മളെ ബന്ധിച്ചത് കൊണ്ട് ശരീരത്തിന് അതിയായ വേദന ഉണ്ട്. കാട്ടിലും നാട്ടിലും സ്വാതന്ത്ര്യത്തോടുകൂടി അലഞ്ഞുതിരിഞ്ഞ് നടന്ന നമുക്കുണ്ടായ ഈ അവസ്ഥ വളരെ കഷ്ടം തന്നെയാണ്. നമുക്ക് യഥാർത്ഥ രൂപത്തിൽ ഇവിടെ നിന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെടണം കാട്ടിൽ പോയാൽ ഇഷ്ടം പോലെ സഞ്ചരിക്കുവാനും ഭക്ഷണം കഴിക്കുവാനും സാധിക്കും.”
ഇപ്രകാരം ചിന്തിച്ച് അവർ രക്ഷപ്പെടാനുള്ള മാർഗം കണ്ടെത്താൻ ശ്രമിച്ചു. മതിലുകളുടെ വാതിലുകൾ ബന്ധിച്ചിരുന്നത് കൊണ്ട് പുറത്തേക്ക് പോകാൻ സാധിച്ചില്ല. നഗരവീഥികളിലും ഉദ്യാനങ്ങളിലും ദേവാലയങ്ങളിലും ഭവനങ്ങളിലും ഓടിനടന്ന് അവർ പലരെയും കടിച്ച മുറിവേൽപ്പിച്ചു ദ്വാരപാലകർ വാതിലുകൾ തുറന്നപ്പോൾ അവർ കാടുകളിലേക്ക് ഓടി. അശ്വപാലകർ ഭയത്തോടു കൂടി രാജാവിനെ ഇങ്ങനെ അറിയിച്ചു.
“പ്രഭോ ഇന്നലെ വാങ്ങിയ കുതിരകൾ കുറുക്കന്മാരുടെ രൂപം സ്വീകരിച്ച ഉച്ചത്തിൽ ശബ്ദമുണ്ടാക്കി ശബ്ദം കേട്ട് ചെന്ന് നോക്കിയ ഞങ്ങൾക്ക് കുതിരകളെ കാണാൻ സാധിച്ചില്ല. ഭയന്ന് ഓടുന്ന കുറുക്കന്മാരെയാണ് കണ്ടത് ചില കുറുക്കന്മാർ ഞങ്ങളെ കടിച്ചു മറ്റു ചിലർ മതിലുകൾ ചാടി കടന്ന് ഓടിപ്പോയി. ചിലർ പോകാനുള്ള വഴി കാണാതെ പരിഭ്രമിച്ചു നിൽക്കുന്നത് കണ്ടു നേരത്തെ ഉണ്ടായിരുന്ന കുതിരകളെയും കുറുക്കന്മാർ കടിച്ചു. വേദന കൊണ്ട് അവരും കയറു പൊട്ടിച്ചു പോയി അതുകൊണ്ട് പണ്ട് ഉണ്ടായിരുന്നതും ഇപ്പോൾ വാങ്ങിയതുമായ കുതിരകൾ അശ്വാലയത്തിൽ ഇല്ല.
ഈ കാര്യങ്ങൾ അറിഞ്ഞപ്പോൾ ഒരു ദീർഘനിശ്വാസത്തോടെ കൂടി രാജാവ് ദുഃഖിതനായി ഭവിച്ചു. മന്ത്രിമാരും ആ ദുഃഖത്തിൽ പങ്കുചേർന്നു.. എല്ലാവരും ദുഃഖിതനായി സമ്മേളിച്ചിരിക്കുന്ന സ്ഥലത്ത് വാതപുരേശനും ശിവസ്മരണയോടുകൂടി എത്തിച്ചേർന്നു. കുപിതനായ രാജാവ് ഇങ്ങനെ പറഞ്ഞു.
“അങ്ങ് കൊണ്ടുവന്ന കുതിരകൾ ഇന്ദ്രജാലം കാണിച്ച് എന്നെ അത്ഭുതപ്പെടുത്തി. അവ ഞാൻ വിശ്വസിച്ചതിന്റെ ഫലമായി പലരും പീഡനങ്ങൾ അനുഭവിച്ചു. കുതിരകളുടെ സ്ഥാനത്ത് കുറുക്കന്മാരെയാണ് കണ്ടത്. അവർ പലരെയും ഉപദ്രവിക്കുകയും ഓടിപ്പോവുകയും ചെയ്തു. നേരത്തെ ഉണ്ടായിരുന്ന കുതിരകളും ഭയന്ന് ഓടിപ്പോയി.”
വാതപുരേശന്റെ മറുപടി ഇതായിരുന്നു. “ഞാൻ കൊണ്ടുവന്ന കുതിരകൾക്കുള്ള ദോഷം എന്താണ്.?? ഞാൻ ചെയ്ത ദ്രോഹം എന്താണ്.? ധനം നൽകേണ്ടതില്ലെന്നും അശ്വങ്ങളെ മതിയെന്നും പറഞ്ഞത് അങ്ങ് ആണല്ലോ.? കുതിരയുടെ ലക്ഷണങ്ങൾ കേട്ടപ്പോൾ ഉണ്ടായ വിശ്വാസം കൊണ്ടല്ലേ അവരെ വാങ്ങിയത്.? ശിവ ഭക്തനായ അങ്ങേയ്‌ക്ക് കുതിരകളെ തന്നത് ശിവഭഗവാൻ ആണ്. ഞാനല്ല..!!”
മന്ത്രി ഇപ്രകാരം പറഞ്ഞപ്പോൾ രാജാവ് വീണ്ടും അദ്ദേഹത്തെ ശിക്ഷിക്കാൻ ഒരുങ്ങി. കുതിരകളെ വാങ്ങാൻ ഇദ്ദേഹം എത്ര ധനം ഇദ്ദേഹത്തിനോട് വാങ്ങണം. ഇത് കേട്ടപ്പോൾ വാതപുരേശനെ ബന്ധനം കൊണ്ടും താഡനം കൊണ്ടും പീഡിപ്പിച്ചു. ആ ശിവഭക്തൻ ഹാലാസ്യനാഥനെ ഭക്തിയോടുകൂടി സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.
“കുതിരകളെല്ലാം കുറുക്കന്റെ രൂപത്തോടുകൂടി ഓടിപ്പോയി ധനം നൽകണമെന്ന് രാജാവ് ബന്ധനം കൊണ്ടും താഡനം കൊണ്ടും ശി ക്ഷിക്കുന്നു. അങ്ങ് മാത്രമാണ് എന്റെ ആശ്രയം.. പ്രാർത്ഥന കേട്ടപ്പോൾ ഹാലാസ്യനാഥൻ ഭക്തനേ രക്ഷിക്കുവാൻ മാർഗം കണ്ടെത്തി. ഭഗവാന്റെ ലീല മറ്റൊരു വിധത്തിൽ പ്രകടമായി. വേഗവതി നദിയോട് അതിഭയങ്കരമായ ജലപ്രവാഹത്തോട് കൂടി മധുരാനഗരംനിറഞ്ഞൊഴുകണമെന്ന് ആജ്ഞാപിച്ചു. ഉടൻതന്നെ നദീ ജലം മധുരയിൽ മുഴുവൻ വ്യാപിച്ചു. തിരമാലകൾ തട്ടിയതിന്റെ ഫലമായി വൃക്ഷങ്ങൾ, ഭവനങ്ങൾ, മാളികകൾ എന്നിവയെല്ലാം തകർന്നുവീണു വാതപുരേശനെ ക്രൂരമായി പീഡിപ്പിച്ചു കൊണ്ടിരുന്ന രാജ കിങ്കരന്മാർ ഭയന്നോടി. അതുകൊണ്ട് അദ്ദേഹം പീഡനങ്ങൾ നിന്ന് രക്ഷപ്പെട്ടു.
ബന്ധനത്തിൽ നിന്ന് മോചിതനായ വാതപുരേശൻ ഹേമപദ്മനീ തീർത്ഥസ്നാനത്തിനുശേഷം സുന്ദരേശ ഭഗവാനെ ദർശിച്ച് പ്രണമിക്കുകയും സ്തുതിക്കുകയും ചെയ്തു. ഭഗവാന്റെ അനുഗ്രഹത്താൽ സന്തോഷ ജീവിതം നയിച്ചു.
ആശ്രയിക്കുന്നവരെ രക്ഷിക്കുന്ന സുന്ദരേശന്റെ ഈ ലീല എല്ലാ ദുഃഖങ്ങളും തീർത്ത് അനുഗ്രഹങ്ങൾ സാധിപ്പിക്കും.
അടുത്ത ഹാലാസ്യ മാഹാത്മ്യം 61 – മഹാദേവൻ മണ്ണ് ചുമന്ന കഥ.
അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്……
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..















