ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതിന് പിന്നാലെ തന്നെ കേരളത്തിലെ ചില മാധ്യമങ്ങൾ വ്യാജ പ്രചരണങ്ങൾ ആരംഭിച്ചിരുന്നു. മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ നരേന്ദ്രമോദി നേരിട്ട് ക്ഷണിച്ചിട്ടും മോഹൻലാൽ നിരസിച്ചു, കേന്ദ്രമന്ത്രി സ്ഥാനം സുരേഷ് ഗോപി രാജിവെക്കാൻ ഒരുങ്ങുന്നു, ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുരേന്ദ്രനെ മാറ്റുന്നു എന്നിങ്ങനെ നിരവധി വ്യാജ വാർത്തകളാണ് കേരളത്തിലെ പ്രമുഖ ചാനലുകൾ പ്രചരിപ്പിച്ചത്. ഇത്തരം വ്യാജപ്രചരണങ്ങൾക്കെതിരെ കെ സുരേന്ദ്രനും സുരേഷ് ഗോപിയുമെല്ലാം തുറന്നടിച്ചിരുന്നു. ചില പ്രത്യേക അജണ്ടകളുടെ പുറത്ത് ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം മലയാള മാധ്യമങ്ങൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവായ കെ എസ് രാധാകൃഷ്ണനും. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മലയാള മാധ്യമങ്ങളുടെ പെരും നുണകൾക്കെതിരെ കെ എസ് രാധാകൃഷ്ണൻ തുറന്നടിച്ചിരിക്കുന്നത്.
” സത്യപ്രതിജ്ഞ ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദി പലരെയും നേരിട്ട് വിളിച്ചതായി ചില മാധ്യമങ്ങൾ വാർത്തകൾ പ്രചരിപ്പിക്കുന്നു. ബിജെപിക്ക് അതിന്റേതായ ഒരു സംവിധാനമുണ്ട്. മന്ത്രിയാകാനുള്ള വരെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും നേരിട്ട് വിളിക്കും. അപ്പോൾ കാര്യങ്ങൾ ഒന്നും സൂചിപ്പിക്കില്ല. അവിടെ ചെന്ന് ചർച്ചയിൽ പങ്കെടുത്ത ശേഷം മാത്രമായിരിക്കും ബിജെപിയുടെ തീരുമാനം അറിയിക്കുക. മോദി നേരിട്ട് വിളിച്ച് ഒരാളെയും വ്യക്തിപരമായി ക്ഷണിക്കാറില്ല. അങ്ങനെ ഒരു രീതി ബിജെപിക്ക് ഇല്ല. ഇത്രയും പേരെ ഒരുമിച്ചിരുന്ന് വിളിക്കാൻ മാത്രം സമയം ഒരു പ്രധാനമന്ത്രിക്ക് ഉണ്ടോ എന്നത് സാമാന്യയുക്തിക്ക് മനസ്സിലാക്കാവുന്നയേ ഉള്ളൂ. കേരളത്തിലെ മാധ്യമങ്ങൾ പലതും പറയും. സുരേഷ് ഗോപി പോകില്ല എന്ന് വരെ പ്രചരിപ്പിച്ചു”.
“സത്യപ്രതിജ്ഞ ക്ഷണം എനിക്കും ഉണ്ടായിരുന്നു. അസൗകര്യം കൊണ്ട് എനിക്ക് പോകാൻ കഴിഞ്ഞില്ല. ഞാൻ ഉൾപ്പെടെ നൂറ്റഞ്ചു പേരോളം ആൾക്കാർക്ക് സത്യപ്രതിജ്ഞയ്‌ക്ക് കേരളത്തിൽ നിന്നും ക്ഷണം ഉണ്ടായിരുന്നു. ശോഭാ സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ചു, സംസ്ഥാന അധ്യക്ഷ ആക്കും എന്നിങ്ങനെ മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിച്ചു. ഇതിൽ ശോഭാ സുരേന്ദ്രൻ നിസ്സഹായയാണ്. സ്റ്റേറ്റ് ഓഫീസിൽ നിന്നാണ് ക്ഷണമുള്ള കാര്യം എല്ലാവരെയും വിളിച്ചു പറയുക. അസൗകര്യം കൊണ്ട് പോകാത്തവർ ചിലരുണ്ട്, ക്ഷണപ്രകാരം പോകുന്നവരും ഉണ്ട്. അത് അവരുടെ വ്യക്തിപരമാണ്. ശോഭാസുരേന്ദ്രന് ക്ഷണം ഉണ്ടെന്ന് അറിഞ്ഞപ്പോൾ മാധ്യമങ്ങൾ അവർക്ക് തോന്നിയ തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുകയാണ്”.
“ആത്മാഭിമാനവും ആത്മവിശ്വാസവും അന്തസ്സും ഇല്ലാത്ത ഒരു മാധ്യമ സംസ്കാരമാണ് ഇന്ന് കേരളത്തിലുള്ളത്. തോന്നിയത് വിളിച്ചു പറയുന്നു. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ് രണ്ടുമാസം പിന്നിട്ടപ്പോൾ തന്നെ കെ സുരേന്ദ്രന് ചുമതലയിൽ നിന്നും മാറ്റുന്നു എന്ന് ഇവിടുത്തെ മാധ്യമങ്ങൾ വ്യാജവാർത്തകൾ നൽകി. വി മുരളീധരൻ മന്ത്രി ആയതിന് പിന്നാലെ അദ്ദേഹത്തിന് എതിരെയും വ്യാജവാർത്തകൾ ചുമച്ചു. എത്രയോ കാലമായി ഇത് അവർ പറഞ്ഞു കൊണ്ടിരിക്കുന്നു. ഈ വാർത്തകളൊക്കെ ഇവിടുത്തെ മാധ്യമങ്ങൾ ആർക്കുവേണ്ടിയാണ് പ്രചരിപ്പിക്കുന്നത്. മോഹൻലാലിനെ മോദി വിളിച്ചു എന്ന് മോഹൻലാലും പറഞ്ഞിട്ടില്ല, മോദിയും പറഞ്ഞിട്ടില്ല. പിന്നെ എങ്ങനെയാണ് ഇത്തരം വാർത്തകൾ ഉണ്ടാകുന്നത്”- കെ.എസ് രാധാകൃഷ്ണൻ പറഞ്ഞു.















