ശ്രീനഗർ: കശ്മീരിലെ പുൽവാമയിൽ രണ്ട് ഐഇഡികൾ ഉൾപ്പെടെ ആറ് കിലോ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. കൊല്ലപ്പെട്ട ലഷ്കർ -ഇ-ത്വയ്ബ ഭീകരരായ റിയാസ് ദാറിന്റെയും റായിസിന്റെയും ഒളിത്താവളങ്ങളിൽ നിന്നാണ് ഐഇഡികൾ കണ്ടെത്തിയത്. പുൽവാമ പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഐഇഡിയും മറ്റ് സ്ഫോടക വസ്തുക്കളും കണ്ടെടുത്തത്.
എകെ 47 വെടിക്കോപ്പുകൾ, പിസ്റ്റളുകൾ എന്നിവ ഉൾപ്പെടെ നിരവധി മാരകായുധങ്ങളും സംഘം സ്ഥലത്ത് നിന്നും കണ്ടെടുത്തു. കൊല്ലപ്പെട്ട ഭീകരർ ഐഇഡികൾ നിർമിച്ചിരുന്നതായും അവ വനമേഖലകളിൽ ഒളിപ്പിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. സ്ഥലത്ത് നിന്ന് കണ്ടെടുത്ത സ്ഫോടക വസ്തുക്കൾ നശിപ്പിച്ചതായി സുരക്ഷാ സേന അറിയിച്ചു.
ഈ മാസം രണ്ടിനാണ് ലഷ്കർ ഭീകരരെ സുരക്ഷാ സേന വധിച്ചത്. നിഹാമ സ്വദേശികളായ മൂന്ന് പേർ ഭീകരർക്ക് താമസ സൗകര്യവും പണവും നൽകി സഹായിച്ചിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.