ഭുവനേശ്വർ: വനവാസി നേതാവ് മോഹൻ ചരൺ മാജിയെ ഒഡിഷ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത് ബിജെപി. ഒഡിഷയിൽ ഇന്നുചേർന്ന നിയമസഭാകക്ഷി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. കെവി സിംഗ് ദിയോ, പ്രവതി പരിത എന്നിവർ ഉപമുഖ്യമന്ത്രിമാരാകും. മറ്റു മന്ത്രിമാരുടെ കാര്യത്തിൽ ഉടൻ അന്തിമ തീരുമാനമുണ്ടാകും. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗും ഭൂപേന്ദർ യാദവും നിരീക്ഷകരായി പങ്കെടുത്ത യോഗത്തിലാണ് മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിമാരെയും തെരഞ്ഞെടുത്തത്.
#WATCH | BJP MLA Mohan Charan Majhi to be the new CM of Odisha.
Kanak Vardhan Singh Deo and Pravati Parida to be the Deputy Chief Ministers. pic.twitter.com/QUpORT6Aeu
— ANI (@ANI) June 11, 2024
ജൂൺ 12ന് ഭുവനേശ്വറിലായിരിക്കും ഒഡിഷയിലെ ആദ്യ ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരിക്കും സംസ്ഥാനത്തെ പ്രഥമ ബിജെപി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ. ചടങ്ങിലേക്ക് ബിജെപി ആദ്യം ക്ഷണിച്ചത് പുരി ജഗന്നാഥ സ്വാമിയെയാണ്. ബിജെപി നേതാക്കൾ നേരിട്ട് ക്ഷേത്രത്തിലെത്തി ക്ഷണപത്രിക സമർപ്പിച്ചു.
കിയോഞ്ചർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയാണ് 53-കാരനായ മോഹൻ മാജി. 2000ത്തിലായിരുന്നു അദ്ദേഹം ആദ്യമായി എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് നാല് വട്ടവും അതേ മണ്ഡലത്തിൽ നിന്ന് അദ്ദേഹം വിജയിച്ചിരുന്നു.
24 വർഷത്തെ നവീൻ പട്നായിക് ഭരണത്തിന് അന്ത്യം കുറിച്ചാണ് സംസ്ഥാനത്ത് ആദ്യമായി ബിജെപി അധികാരത്തിലെത്തുന്നത്. 147 അംഗ നിയമസഭയിൽ ബിജെപിക്ക് 78 അംഗങ്ങളുടെ ഭൂരിപക്ഷം ലഭിച്ചിരുന്നു. 40.07 ശതമാനം വോട്ട് വിഹിതവും നേടി. 2000ലും 2004ലും ബിജു ജനതാദളിനൊപ്പം ബിജെപി ഭരണത്തിൽ ഉണ്ടായിരുന്നെങ്കിലും ആദ്യമായാണ് ഒഡിഷയിൽ പാർട്ടി ഒറ്റയ്‌ക്ക് സർക്കാർ രൂപീകരിക്കുന്നത്.