ഐസിസിയുടെ സ്റ്റോപ്പ് ക്ലോക്ക് നിയമത്തിൽ പണികിട്ടുന്ന ആദ്യ ടീമായി അമേരിക്ക. ഓവറുകൾക്കിടെയുള്ള ഇടവേള 60 സെക്കൻ്റാണ്. ഈ നിയമം പാലിച്ചില്ലെങ്കിൽ ആദ്യഘട്ടം മുന്നറിയിപ്പും ആവർത്തിച്ചാൽ 5 റൺസ് പെനാൽറ്റിയുമായിരിക്കും. ഇത് പാലിക്കാതെ വന്നതോടെ അമേരിക്കയ്‌ക്ക് 2 തവണ അമ്പയർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. പിഴവ് ആവർത്തിച്ചതോടെയാണ് പെനാൽറ്റിയായി 5 റൺസ് ഇന്ത്യക്ക് വിട്ടുനൽകേണ്ടി വന്നത്. നഷ്ടമായ 5 റൺസിനെ കുറിച്ച് സംസാരിക്കുകയാണ് അമേരിക്കയുടെ പരിശീലകൻ സ്റ്റുവർട്ട് ലോ. കളി ഇന്ത്യയുടെ വരുതിയിലായിരുന്നുവെന്നും ലോ വ്യക്തമാക്കി.
‘കഴിഞ്ഞ മത്സരങ്ങളിൽ സമാന രീതിയിലുള്ള മുന്നറിയിപ്പുകൾ ഞങ്ങൾക്ക് കിട്ടിയിരുന്നു. ടീം പരിശീലനത്തിനിടെ ഇതേക്കുറിച്ച് സംസാരിക്കുകയുമുണ്ടായി. വളർന്നു വരുന്ന ടീമായതിനാൽ ഇനിയും ഒരുപാട് കാര്യങ്ങൾ ഞങ്ങൾക്ക് പഠിക്കാനുണ്ട്. ക്രിക്കറ്റിനെ കുറിച്ച് മാത്രമല്ല, മറ്റ് സങ്കീർണമായ കാര്യങ്ങളെ കുറിച്ചും ഞങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ട്. നിയമത്തെ കുറിച്ച് ടീമിലെ പലതാരങ്ങൾക്കും വ്യക്തമായ ധാരണയില്ല. ബംഗ്ലാദേശ്, കാനഡ ടീമുകൾക്കെതിരായ പരമ്പരയിലാണ് ഞങ്ങൾ ഇതേക്കുറിച്ച് കൂടുതൽ അറിഞ്ഞത്. ഇത് മത്സരഫലത്തെ ബാധിച്ചതായി ഞാൻ കരുതുന്നില്ല. ആ അഞ്ച് റൺസ് പോകാതിരുന്നാലും ഞങ്ങൾ വിജയിക്കുമായിരുന്നില്ല. ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരെ മികച്ച പ്രകടനമാണ് ഞങ്ങൾ കാഴ്ചവച്ചത്.’ പരിശീലകൻ സ്റ്റുവർട്ട് ലോ പറഞ്ഞു.
ഇന്ത്യൻ ഇന്നിംഗിന്റെ 16-ാം ഓവറിലാണ് സംഭവം. 30 പന്തിൽ 35 റൺസായിരുന്നു ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. പെനാൽറ്റി വിധിച്ചതോടെ ഇന്ത്യൻ ലക്ഷ്യം 30 പന്തിൽ 30 ആയി. 7 വിക്കറ്റിനായിരുന്നു മത്സരത്തിൽ ഇന്ത്യയുടെ ജയം.















