തിരുവനന്തപുരം: ദുർബല ജനവിഭാഗങ്ങൾക്ക് പെൻഷനും ആനുകൂല്യങ്ങളും നൽകാത്തത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേന്ദ്രത്തെ വിമർശിച്ചതുകൊണ്ട് മാത്രം കാര്യമില്ല. ജനങ്ങൾക്ക് കിട്ടാനുള്ളത് കിട്ടാത്തത് പ്രശ്‌നം തന്നെയാണ്. സിപിഎമ്മിന്റെ പ്രത്യയശാസ്ത്ര കരുത്ത് ചോർന്നത് ബിജെപിയുടെ വളർച്ചയ്‌ക്ക് കാരണമായെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. സംഘടനാപരമായ പ്രശ്‌നങ്ങളും വോട്ടിനെ സ്വാധീനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
”നല്ല പോലെ തോറ്റു, തോറ്റിട്ട് ജയിച്ചെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. തോറ്റതിന്റെ കാരണമാണ് ഇനി കണ്ടുപിടിക്കേണ്ടത്. എല്ലാം സൂക്ഷ്മമായി പരിശോധിച്ച് എന്തൊക്കെ, ഏതൊക്കെ രീതിയിലാണ് തോൽവിക്ക് അടിസ്ഥാനമായതെന്ന് കണ്ടെത്തണം. ദുർബല ജനവിഭാഗം ഉൾപ്പെടെയുള്ള ആളുകൾക്ക് ലഭിക്കേണ്ട (കൈത്തറിത്തൊഴിലാളി, കശുവണ്ടി തൊഴിലാളി, നെയ്‌ത്ത് തൊഴിലാളികൾ) ആനൂകുല്യങ്ങൾ സാമ്പത്തിക പരാധീനതയുടെ ഭാഗമായി കൊടുത്തുതീർക്കാൻ കഴിഞ്ഞില്ല. 62 ലക്ഷം പേർക്ക് കൊടുത്തു തീർക്കേണ്ട പെൻഷൻ ഇനിയും കുടിശികയാണ്. അവർ സംതൃപ്തരാണോ എന്ന് ചോദിച്ചാൽ അല്ല. സംഘടനാപരമായ പ്രശ്‌നമുണ്ട്. ഇതെല്ലാം വോട്ടിനെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. ഇതെല്ലാം കാണാതിരുന്നിട്ട് കാര്യമില്ല. തുറന്ന മനസ്സോടെയും കണ്ണോടെയും ഇതെല്ലാം ഞങ്ങൾ കാണുന്നുണ്ട്. തോൽവിയെ കുറിച്ചുള്ള കാര്യം പഠിച്ച് തിരുത്തി മുന്നോട്ട് പോകും. രാഷ്‌ട്രീയവും പ്രത്യയ ശാസ്ത്രവും ഉൾപ്പെടെയുള്ള ഉള്ളടക്കത്തെ അടിസ്ഥാനപ്പെടുത്തിയല്ലാതെ ഏതൊരു പ്രതികൂല സാഹചര്യത്തെയും അതിജീവിക്കാൻ സാധിക്കില്ല. അതിന്റെ ചോർച്ചയാണ് ബിജെപിയുടെ വളർച്ചയെ സൂചിപ്പിക്കുന്നത്.” – എം.വി ഗോവിന്ദൻ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിൽ സിപിഎമ്മിനെതിരെ കടുത്ത വിമർശനമാണ് മുന്നണിയിൽ നിന്ന് തന്നെ ഉയരുന്നത്. സിപിഐ യോഗത്തിൽ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും നേരെ വിമർശനമുയർന്നു. ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പ് ഫലം എന്നാണ് വിലയിരുത്തൽ. സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പോളിറ്റ് ബ്യൂറോയും രംഗത്തെത്തിയിരുന്നു. കേരളത്തിലെ സാഹചര്യം ഗുരുതരമാണെന്നും ഭരണ വിരുദ്ധ വികാരത്തെ കുറിച്ച് പഠിക്കുമെന്നും പിബി വിലയിരുത്തി.















