ഒരുമാസം നീണ്ടുനിൽക്കുന്ന കാൽപ്പന്താരവത്തിന് മ്യൂണിക്കിലെ ഫുട്ബോൾ അരീനയിൽ ഇന്ന് അർദ്ധരാത്രി തുടക്കമാകും. കേളിയഴകിൽ ആരാധകർക്ക് അവസ്മരണീയ നിമിഷങ്ങൾ സമ്മാനിക്കുന്ന യൂറോയെ ആവേശ കാെടുമുടി കയറ്റാൻ കച്ചക്കെട്ടിയിറങ്ങുന്ന ഒരുപിടി താരങ്ങളുമുണ്ട്. ഒറ്റയ്‌ക്ക് മത്സരത്തിന്റെ ഗതിമാറ്റാൻ സാധിക്കുന്ന താരങ്ങൾ ആരൊക്കെയെന്ന് ഒന്ന് ശ്രദ്ധിക്കാം.
ക്രിസ്റ്റ്യാനോ റൊണാൾഡോ
കൂട്ടത്തിൽ ഏറ്റവും തലപ്പാെക്കമുള്ള കൊമ്പൻ. പറങ്കിപ്പടയുടെ കപ്പിത്താന് ഇത് അവസാന യൂറോയാകും. അതിനാൽ ആവനാഴിൽ എല്ലാ അസ്ത്രങ്ങളും ഇതിഹാസ താരം കളത്തിൽ പുറത്തെടുക്കുമെന്ന് ഉറപ്പ്. 39-ാം വയസിലും മിന്നും ഫോമിൽ കളിക്കുന്ന റൊണോ ഇപ്പോഴും എതിരാളികളുടെ പേടിസ്വപ്നം തന്നെയാണ്. യൂറോയിൽ 14 ഗോളുകളാണ് ഇതുവരെ താരം നേടിയത്. അൽ നസറിനായി 35 ഗോളുകൾ ഈ സീസണിലും നേടി.
ഫ്ലോറിയൻ വിർട്സ്
ബയേർ ലെവർക്യൂസന്റെ അറ്റാക്കിംഗ് മിഡ്ഫീൾഡിലും വിംഗുകളിലും കരുത്തുകാട്ടിയ 21-കാരൻ. ബുണ്ടസ് ലിഗയിൽ പ്ലേയർ ഓഫ് ദി സീസണായിരുന്നു വിർട്സ്. ഗോൾ സ്കോർ ചെയ്യാനും വഴിയൊരുക്കാനും ഒരുപോലെ മിടുക്കൻ. ലെവർക്യൂസന് വേണ്ടി 18 തവണ വല കുലുക്കുകയും 20 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. ഫോമിലായാൽ ജർമ്മനിക്കായി അത്ഭുതങ്ങൾ സൃഷ്ടിക്കാൻ 21-കാരന് സാധിക്കും.
കിലിയൻ എംബാപ്പെ
ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർ. ഈ 25-കാരന് മുന്നിൽ ഏത് വലിയ പ്രതിരോധ കോട്ടയും ഒന്ന് വിറയ്‌ക്കും. ലോകകപ്പ് ഫൈനലിൽ അർജൻ്റീനയ്‌ക്കെതിരെ ഫ്രഞ്ച് നായകൻ അത് പലകുറി തെളിയിച്ചിട്ടുണ്ടുമുണ്ട്. പെലെയ്‌ക്ക് ശേഷം ലോകകപ്പ് ഫൈനലിൽ ഗോൾ നേടിയ കൗമാരക്കാരനും എംബാബബെ തന്നെ (2018 റഷ്യ). പിഎസ്ജിയിൽ നിന്ന് ക്ലബ് ഫുട്ബോളിലെ കരുത്തരായ റയലിലേക്ക് അടുത്തിടെ കൂടുമാറിയിരുന്നു. ഈ അതിവേഗക്കാരനൊപ്പം പായുന്ന ഫ്രഞ്ച് നിര കിരീട പോരിൽ എന്നും മുൻപന്തിയിലാണ്.
ജൂഡ് ബെല്ലിംഗ്ഹാം
റയലിനെ ലാലിഗ, ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച മിഡ് ഫീൾഡർ. ഹാരികെയ്ൻ, ഫിൽ ഫോഡൻ, ബുക്കോയ സാക്ക എന്നിവർക്കൊപ്പം ബെല്ലിംഗ്ഹാം കൂടി അറ്റാക്കിംഗിലേക്ക് എത്തിയാൽ ഇംഗ്ലണ്ട് കരുത്തരിൽ കരുത്തരാകും. ആൻസൊലോട്ടിയുടെ ശിക്ഷണത്തിൽ ഏറെ മെച്ചപ്പെട്ട ജൂഡ് ഈ സീസണിൽ 23 ഗോളുകളും നേടിയിട്ടുണ്ട്. യൂറോ ഉയർത്താനായാൽ ബാലൻ ദി ഓർ പട്ടികയിൽ ഒഴിച്ചുകൂടാനാകാത്ത പേരാകും റയൽ മിഡ്ഫീൾഡറുടേത്.
റോഡ്രി
2023 മാർച്ചിന് ശേഷം ക്ലബിനോ രാജ്യത്തിനോ കളിക്കുമ്പോഴുള്ള ആദ്യ തോൽവി റോഡ്രി നേരിടുന്നത് എഫ് എ കപ്പ് ഫൈനലിലായിരുന്നു. സിറ്റി യുണൈറ്റഡിനോട് അടിയറവ് പറഞ്ഞപ്പോൾ. പെപ് ഗ്വാർഡിയോളയുടെ വാക്കുകൾ കടമെടുത്താൽ ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൾഡർമാരിൽ ഒരാളാണ് സ്പെയിനിന്റെ 27-കാരൻ. റോഡ്രിയുടെ ബോൾ പൊസഷനും നിയന്ത്രണവും അപരാമാണ്. മൂന്ന് തവണ യൂറോ ചാമ്പ്യന്മാരായ സ്പെയിനിന് ഇത് നിർണായക ടൂർണമെൻ്റാണ്.
ലൂക്ക മോഡ്രിച്ച്
അന്താരാഷ്‌ട്ര ടൂർണമെന്റുകളിലും ക്രൊയേഷ്യ നടത്തുന്ന മികച്ച പ്രകടനങ്ങളിൽ നിർണായകമാകുന്നത് ഈ വെറ്ററൻ താരത്തിന്റെ സാന്നിദ്ധ്യമാണ്. റയൽ മാഡ്രിഡുമായുള്ള കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടിയ 38-കാരന്റെ അവസാന യൂറോയാകുമിത്. മീഡ്ഫീൾഡിൽ ഇന്ദ്രജാലം കാട്ടാൻ കെൽപ്പുള്ള മോഡ്രിച്ച് ക്രൊയേഷ്യക്ക് എന്നും പ്രചോദനമാണ്. പ്രായം തളർത്താത്ത മോഡ‍്രിച്ച് നിയന്ത്രിക്കുന്ന ക്രൊയേഷ്യൻ മധ്യനിരയും ടീമും ആരെയും ഭയപ്പെടുത്താൻ തക്ക കരുത്തരാണ്.