തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര സഹമന്ത്രിയായി അധികാരമേറ്റതിന് ശേഷം ആദ്യമായാണ് അദ്ദേഹം ഗുരുവായൂരിലെത്തിയത്. കദളിക്കുലയും പണക്കിഴിയും ഗുരുവായൂരപ്പന് മുന്നിൽ സമർപ്പിച്ചായിരുന്നു ദർശനം. പൊന്നാട അണിയിച്ചാണ് സുരേഷ് ഗോപിയെ ക്ഷേത്ര ഭാരവാഹികൾ സ്വീകരിച്ചത്. ദേവസ്വത്തിന്റെ ഉപഹാരവും അദ്ദേഹത്തിന് സമ്മാനിച്ചു.
ക്ഷേത്ര സന്നിധിയിലെത്തിയ സുരേഷ് ഗോപി ആദ്യം ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തി. തുടർന്ന് ചുറ്റമ്പല പ്രദക്ഷിണം പൂർത്തിയാക്കിയ ശേഷമാണ് ഗുരുവായൂരപ്പന്റെ സന്നിധിയിലെത്തിയത്. സുരേഷ് ഗോപി എത്തുമെന്നറിഞ്ഞ് അദ്ദേഹത്തിനെ കാണാനായി നിരവധി പേരും എത്തിയിരുന്നു.
ബിജെപി നേതാക്കളുടെ നേതൃത്വത്തിലും സ്വീകരണം നൽകി. വിപുലമായ വരവേൽപ്പാണ് ഒരുക്കിയിരുന്നതെങ്കിലും കുവൈത്ത് ദുരന്തത്തെ തുടർന്ന് അത് ഉപേക്ഷിക്കുകയായിരുന്നു.