അപുലിയ : ഇറ്റലിയിൽ നടന്ന ജി-7 ഉച്ചകോടിയിൽ ഫലപ്രദമായ ഒരു ദിവസമാണ് കടന്നുപോയതെന്ന പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചകോടിയിലെ വിവിധ സെഷനുകളിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ഇന്ന് പുലർച്ചെ ഇന്ത്യയിലേക്ക് മടങ്ങി. രാജ്യത്തേക്ക് മടങ്ങുന്നതിന് മുന്നോടിയായാണ് അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ചത്. മികച്ച ആതിഥേയത്വം വഹിച്ച ഇറ്റലിയിലെ സർക്കാരിനും ജനങ്ങൾക്കും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.
” ഫലപ്രദമായ ഒരു ദിവസമാണ് ഇറ്റലിയിലെ അപുലിയയിൽ നടത്തിയ ജി-7 ഉച്ചകോടിയിൽ കടന്നുപോയത്. വിവിധ ലോകനേതാക്കളുമായി സംസാരിക്കാനും, ആഗോളവിഷയങ്ങളിൽ ചർച്ചകൾ നടത്തുവാനും സാധിച്ചു. ആഗോള പ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങൾ കണ്ടെത്താനും, ഭാവി തലമുറയ്‌ക്ക് വേണ്ടി മികച്ച ഒരു ലോകം മുന്നോട്ട് വയ്‌ക്കാനുമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഇറ്റലിയിലെ സർക്കാരിനും ജനങ്ങൾക്കും ഈ ആതിഥേയത്വത്തിന് നന്ദി അറിയിക്കുകയാണെന്നും” പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
ഇറ്റലിയിലെ അപുലിയയിലാണ് ഇക്കുറി ജി-7 ഉച്ചകോടി നടന്നത്. ഉച്ചകോടിയിലെ വിവിധ സെഷനുകളിൽ പങ്കെടുത്ത ശേഷം അദ്ദേഹം ഇന്ന് പുലർച്ചെയാണ് ഡൽഹിയിലേക്ക് യാത്ര തിരിച്ചത്. പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിക്കുന്നതിന്റെ ചിത്രങ്ങൾ വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. ജി-7 ഉച്ചകോടിയിൽ അന്താരാഷ്‌ട്ര തലത്തിലുള്ള വിവിധ വിഷയങ്ങൾ ചർച്ചകൾ നടത്തിയതായും, ഉച്ചകോടിയിൽ പങ്കെടുത്ത രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ആഴത്തിലായെന്നും രൺധീർ ജയ്‌സ്വാൾ ചൂണ്ടിക്കാട്ടി.