കാസർകോട്: രേഖകൾ വാങ്ങാനെത്തിയ സ്ത്രീയെ വിഇഒ പഞ്ചായത്ത് ഓഫിസിൽ പൂട്ടിയിട്ടു. കാസർകോട് മൊഗ്രാൽ പുത്തൂരിലാണ് സംഭവം. ബയൽ സ്വദേശി സാവിത്രിയെയാണ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ മുറിയിൽ അടച്ചിട്ടത്. വിഇഒ അബ്ദുൾ നാസറിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ കാരണം കിടപ്പാടം നഷ്ടപ്പെട്ടയാളാണ് സാവിത്രി. ലൈഫ് മിഷനിൽ വീടിനായി സാവിത്രി അപേക്ഷ നൽകിയിരുന്നു. തുടർന്ന് വീട് അനുവദിച്ചതായി വിഇഒ ഇവരെ ഔദ്യോഗികമായി അറിയിച്ചു. ഇതിന് പിന്നാലെ ഉണ്ടായിരുന്ന പഴയ വീട് സാവിത്രി പൊളിച്ച് കളയുകയും ചെയ്തു. അതിന് ശേഷമാണ് പഞ്ചായത്തിലെ മറ്റൊരു സാവിത്രിക്കാണ് വീട് അനുവദിച്ചതെന്ന് അറിയിപ്പ് ലഭിച്ചത്. പേര് മാറിപ്പോയതാണെന്ന് വിഇഒ നൽകിയ വിശദീകരണം.
വീട് ലഭിക്കില്ലെന്ന് ഉറപ്പായതോടെ കഴിഞ്ഞ ദിവസം രേഖകൾ തിരിച്ച് വാങ്ങാൻ പഞ്ചായത്തിൽ എത്തിയതായിരുന്നു സാവിത്രി. മറ്റ് ജീവനക്കാർ എത്തിയാണ് ഇവരെ മോചിപ്പിച്ചത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന വിഇഒയുടെ പരാതിയിൽ സാവിത്രിക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.















