സുരേഷ് ഗോപിയുടെ വിജയത്തിൽ പ്രതികരിച്ച് മകൻ ഗോകുൽ സുരേഷും നടൻ അജു വർഗീസും. അച്ഛൻ അർഹിക്കുന്നതാണ് ലഭിച്ചതെന്നും അദ്ദേഹത്തിന്റെ കോൺഫിഡൻസ് എന്ന് പറയുന്നത് മറ്റൊരു റേഞ്ചിലാണെന്നും ഗോകുൽ സുരേഷ് പറഞ്ഞു. സുരേഷ് ഗോപിക്കെതിരെ നടന്ന മാധ്യമ വേട്ടയ്‌ക്കെതിരെ നടൻ അജു വർഗീസും തുറന്നടിച്ചു. മാധ്യമങ്ങൾ സത്യസന്ധമായി വാർത്ത കൊടുക്കണമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയല്ല ചെയ്യേണ്ടതെന്നും താരം പറഞ്ഞു. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ഗഗനചാരി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപിക്ക് ലഭിച്ച വിജയത്തിലും കേന്ദ്ര പദവിയിലും സന്തോഷം പങ്കുവെച്ചത്.
“അച്ഛന്റെ വിജയത്തിൽ സന്തോഷം. ഞങ്ങൾ അങ്ങനെ വലിയ ആഘോഷം ഒന്നും നടത്തിയില്ല. തീർച്ചയായും അച്ഛൻ ഈ വിജയത്തിന് അർഹനാണ്. ജനങ്ങൾ തന്നെ അതിന് വിധിയെഴുതി, അതിൽ ഒരുപാട് സന്തോഷം. എല്ലാ രാഷ്‌ട്രീയക്കാർക്കും ഉള്ളിൽ നന്മയുണ്ടായാൽ മതി. അച്ഛൻ ചെയ്തതൊന്നും ആദ്യം പുറത്തുവന്നിരുന്നില്ല. ഒന്നും ചെയ്യുന്നില്ലെന്ന് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് എവിടുന്നൊക്കെയോ ആരൊക്കെയോ അച്ഛൻ ചെയ്തതെല്ലാം പൊക്കി കൊണ്ടുവന്നത്. പിന്നെ, ആ ഒഴുക്കിനനുസരിച്ച് വന്നു. കുറച്ച് ആൾക്കാർ കുറ്റപ്പെടുത്തുമ്പോൾ കുറച്ച് ആൾക്കാർ സപ്പോർട്ട് ചെയ്യും”.
” പത്തു മുപ്പതു കൊല്ലം എടുത്തു അച്ഛനെപ്പോലെ സുപരിചിതനായ ഒരാൾക്ക് ജനപിന്തുണ കിട്ടാൻ. ഇപ്പോൾ ദ്രോഹിച്ചാൽ കുഴപ്പമില്ല എന്ന് തോന്നുമ്പോൾ ദ്രോഹിക്കും. ഇനി ദ്രോഹിക്കാൻ ബുദ്ധിമുട്ടാകുമെന്ന് മനസ്സിലാകുമ്പോൾ അതു നിർത്തും. അച്ഛന്റെ കോൺഫിഡൻസ് എന്നു പറയുന്നത് വേറെ റേഞ്ചിലാണ്. ഇത്രയധികം വേദന സഹിക്കുമ്പോഴും എങ്ങനെ അച്ഛൻ അത് സാധിക്കുന്നുവെന്ന് ചിന്തിക്കാറുണ്ട്”-ഗോകുൽ സുരേഷ് പ്രതികരിച്ചു.
“ഇലക്ഷൻ റിസൾട്ട് കൗണ്ട് ചെയ്യുന്ന ആദ്യ സമയം സുരേഷേട്ടനെ എതിർത്ത് സംസാരിക്കുന്നവർ ഉണ്ടായിരുന്നു. എന്നാൽ ജയം സംഭവിച്ചു കഴിഞ്ഞപ്പോൾ അതെല്ലാം മാറി സപ്പോർട്ട് എന്ന രീതിക്ക് സംസാരിച്ചു തുടങ്ങി. പിന്നാലെ, ക്യാബിനറ്റ് പദവി മാറിയന്ന് അറിഞ്ഞപ്പോൾ വീണ്ടും ആക്രമിക്കാൻ തുടങ്ങി. സത്യസന്ധമായി വാർത്ത കൊടുക്കേണ്ടവരാണ് മാധ്യമങ്ങൾ. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വാർത്തകൾ കൊടുക്കേണ്ട കാര്യമില്ല. വാർത്തകളെ തെറ്റായി വ്യാഖ്യാനിക്കുന്നതിനോടാണ് ഞാൻ ഉൾപ്പെടെയുള്ളവർക്ക് എതിർപ്പ്. സുരേഷേട്ടന്റെ കാഴ്ചപ്പാട് വലുതാണ്. രണ്ടുതവണ അദ്ദേഹം പരാജയപ്പെട്ടു. പക്ഷേ ഇത്തവണ കിട്ടി. അതാണ്, ശ്രമിച്ചാൽ കിട്ടിയിരിക്കും” -അജു വർഗീസും പറഞ്ഞു.