ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ ടെമ്പോ ട്രാവലർ മലയിടുക്കിലേക്ക് മറിഞ്ഞ് 12 പേർ മരിച്ച സംഭവത്തിൽ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരിക്കേറ്റ 14 പേർക്ക് 50,000 രൂപ വീതം നൽകും.
ഇന്ന് ഉച്ചയോടെ ഋഷികേശ്- ബദ്രിനാഥ് പാതയിൽ വച്ചാണ് അപകടമുണ്ടായത്. 26 പേരുമായി വരികയായിരുന്ന ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് മറിയുകയായിരുന്നു. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പരിക്കേറ്റവരെ കാണാനായി ഋഷികേശിലെ എയിംസിലെത്തിയിരുന്നു. .
പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ലഭിക്കേണ്ടത് അത്യാവശ്യമാണ്. അവരുടെ കുടുംബങ്ങളെ ഓരോന്നായി അറിയിച്ചു വരികയാണ്. അവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ എല്ലാ ക്രമീകരണങ്ങളും ഞങ്ങൾ ഒരുക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി വാർത്താക്കുറിപ്പിൽ അറിയിച്ചു.