പാലക്കാട്: തൃത്താലയിൽ വാഹന പരിശോധയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ 19കാരൻ പിടിയിൽ. ഞങ്ങാട്ടിരി സ്വദേശി അലൻ ആണ് പിടിയിലായത്. സംഭവ ശേഷം ഒളിവിൽ പോയ അലനെ പട്ടാമ്പിയിൽ നിന്ന് പൊലീസ് കസ്റ്റഡിയെടുക്കുകയായിരുന്നു. അപകട സമയത്ത് ഒപ്പമുണ്ടായിരുന്ന അലന്റെ സുഹൃത്ത് അജീഷിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ അർദ്ധരാത്രിയാണ് സംഭവം നടന്നത്. മംഗലം ഭാഗത്ത് സംശയാസ്പദമായ രീതിയിൽ കാർ നിർത്തിയിട്ടിരിക്കുന്നത്, രാത്രി പട്രോളിംഗിനിറങ്ങിയ പൊലീസുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വാഹനം പരിശോധിക്കാനായി എത്തിയ എസ്ഐ ശശികുമാറിനെ ഇടിച്ചുവീഴ്ത്തി അലൻ കാറുമായി കടന്നു കളയുകയായിരുന്നു. പരിക്കേറ്റ എസ്ഐ ആശുപത്രിയിൽ ചികിത്സയിലാണ്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ കാറിന്റെ ഉടമ അഭിലാഷാണെന്ന് കണ്ടെത്തിയിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കാർ ഓടിച്ചിരുന്നത് 19 കാരനായ ഇയാളുടെ മകൻ അലനാണെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് അലനെ പിടികൂടുകയായിരുന്നു.