2013-ൽ ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെ തകർത്ത് കിരീടമുയർത്തിയതാണ് ഇന്ത്യയുടെ അവസാന ഐസിസി ടൂർണമെന്റ് വിജയം. ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലും എതിരാളികളെ വിറപ്പിക്കുന്ന ടീം ഇന്ത്യക്ക് കഴിഞ്ഞ 11 വർഷമായി ഐസിസി കിരീടമെന്നത് സ്വപ്നം മാത്രമാണ്. ആ കിരീട വരൾച്ചയ്‌ക്ക് അന്ത്യം കുറിക്കാനാണ് ടീം ഇന്ത്യ നാളെ ബാർബഡോസിൽ ടി20 ലോകകപ്പ് ഫൈനലിന് ഇറങ്ങുന്നത്.
ഐസിസി ടൂർണമെന്റുകളിലെ ഇന്ത്യയുടെ ഫൈനലിലെ പ്രകടനം
1983-ലെ ഏകദിന ലോകകപ്പ്
ലോർഡ്‌സിൽ വെസ്റ്റിൻഡീസിനെ തോൽപ്പിച്ചാണ് ഇന്ത്യ ആദ്യ ഐസിസി കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 183 റൺസാണ് നേടിയത്. ഇന്ത്യൻ ബൗളർമാരുടെ കണിശതയ്‌ക്ക് മുന്നിൽ വിൻഡിസീന്റെ പോരാട്ടം 140 റൺസിൽ ഒതുങ്ങി. മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ മദൻ ലാലും മൊഹീന്ദർ അമർനാഥുമാണ് വിൻഡീസിനെ എറിഞ്ഞിട്ടത്.
2000 ചാമ്പ്യൻസ് ട്രോഫി
ന്യൂസിലൻഡിനെതിരായ ഫൈനലിൽ അന്നത്തെ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി സെഞ്ച്വറി നേടി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും 69 റൺസുമായി ഇന്ത്യൻ ഇന്നിംഗ്‌സിന് കരുത്ത് പകർന്നെങ്കിലും ഇന്ത്യയുയർത്തിയ 264 റൺസ് വിജയലക്ഷ്യം 49.4 ഓവറിൽ ന്യൂസിലൻഡ് മറികടന്നു.
2002 ചാമ്പ്യൻസ് ട്രോഫി
ഫൈനലിൽ ശ്രീലങ്ക 50 ഓവറിൽ 222 റൺസും റിസർവ്വ് ദിനത്തിൽ ഇന്ത്യ 8.4 ഓവറിൽ 38 റൺസും നേടി. എന്നാൽ മഴ വില്ലനായെത്തിയതോടെ ഇന്ത്യയെയും ശ്രീലങ്കയെയും ഐസിസി സംയുക്ത ചാമ്പ്യന്മാരായി പ്രഖ്യാപിച്ചു.
2003 ഏകദിന ലോകകപ്പ്
ഓസ്ട്രേലിയ ഉയർത്തിയ 360 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ ഇന്ത്യ 39.2 ഓവറിൽ തകർന്നടിഞ്ഞു. വീരേന്ദർ സെവാഗും രാഹുൽ ദ്രാവിഡും തിളങ്ങിയ മത്സരത്തിൽ ഇന്ത്യ 125 റൺസിന്റെ തോൽവി ഏറ്റുവാങ്ങി
2007 ടി20 ലോകകപ്പ്
ജോഹന്നാസ്ബർഗിൽ നടന്ന ഫൈനലിൽ പാകിസ്താനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ പ്രഥമ ടി20 കിരീടത്തിൽ മുത്തമിട്ടത്. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഇർഫാൻ പത്താനായിരുന്നു കളിയിലെ താരം. 75 റൺസെടുത്ത ഗൗതം ഗംഭീറായിരുന്നു ടോപ് സ്‌കോറർ.
2011 ഏകദിന ലോകകപ്പ്
മുംബൈയിൽ നിറഞ്ഞ നീലക്കടലിന് മുന്നിൽ രണ്ടാം ഏകദിന ലോകകപ്പ് കിരീടം. ശ്രീലങ്ക ഉയർത്തിയ 275 റൺസ് വിജയലക്ഷ്യം 48.2 ഓവറിൽ ധോണിയും കൂട്ടരും മറികടക്കുകയായിരുന്നു. ഫൈനലിലെ പ്ലേയർ ഓഫ് ദി മാച്ച് പുരസ്‌കാരവും ധോണിക്കായിരുന്നു.
2013 ചാമ്പ്യൻസ് ട്രോഫി
കനത്ത മഴയെത്തുടർന്ന് എഡ്ജ്ബാസ്റ്റണിൽ നടന്ന ഫൈനൽ 20 ഓവറാക്കി ചുരുക്കി. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ നിശ്ചിത ഓവറിൽ ഇന്ത്യ നേടിയത് 129 റൺസ്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി ഓയിൻ മോർഗനും രവി ബൊപ്പാരയും നിലയുറപ്പിച്ചതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. എന്നാൽ 18-ാം ഓവറിൽ ഇരുവരെയും പുറത്താക്കി ഇഷാന്ത് ശർമ്മ മത്സരത്തിന്റെ ഗതി മാറ്റി. പിന്നാലെ രവീന്ദ്ര ജഡേജയും ആർ അശ്വിനും നടത്തിയ പ്രകടനവും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി. ഇംഗ്ലണ്ടിനെതിരെ അഞ്ച് റൺസിനായിരുന്നു ഇന്ത്യയുടെ ജയം.
2014 ടി20 ലോകകപ്പ്
ടൂർണമെന്റിലുടനീളം അപരാജിത കുതിപ്പ് തുടർന്ന ടീം ഇന്ത്യക്ക് ഫൈനലിൽ കാലിടറി. 6 വിക്കറ്റിനായിരുന്നു എതിരാളികളായ ശ്രീലങ്കയുടെ ജയം.
2017 ചാമ്പ്യൻസ് ട്രോഫി
ഓവലിൽ നടന്ന കലാശപ്പോരിൽ എതിരാളികൾ ചിരവൈരികളായ പാകിസ്താനായതോടെ ആരാധകരുടെ ആവേശം ഇരട്ടിച്ചു. ഫഖർ സമന്റെ കരുത്തിൽ പാകിസ്താൻ അടിച്ചെടുത്തത് 318 റൺസ്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ മുൻനിര ഇടംകൈയൻ പേസർ മുഹമ്മദ് ആമിറിന് മുന്നിൽ തകർന്നടിഞ്ഞു. ഹാർദിക് പാണ്ഡ്യയുടെ ഒറ്റയാൾ പോരാട്ടം പ്രതീക്ഷ നൽകിയെങ്കിലും താരം റണ്ണൗട്ടായതോടെ ഇന്ത്യൻ പോരാട്ടം 158 റൺസിൽ അവസാനിച്ചു.
2021 ലോക ടെസ്റ്റിംഗ് ചാമ്പ്യൻഷിപ്പ്
2021 ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നാട്ടിലും വിദേശത്തും മികച്ച വിജയങ്ങളുമായാണ് ഇന്ത്യ ഫൈനലിലെത്തിയത്. ന്യൂസിലൻഡായിരുന്നു എതിരാളികൾ. ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യ 217 ഉം രണ്ടാം ഇന്നിംഗ്‌സിൽ 170 റൺസും ഇന്ത്യ സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്‌സിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് ജയം സ്വന്തമാക്കി.
2023 ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ്
2023 ജൂണിൽ ഓവലിൽ നടന്ന കലാശപ്പോരിൽ ഓസ്ട്രേലിയയായിരുന്നു ഇന്ത്യയുടെ എതിരാളികൾ. ടോസ് നേടിയിട്ടും ഓസീസിനെ ആദ്യം ബാറ്റിംഗിന് വിട്ട ഇന്ത്യക്ക് പിഴച്ചു. സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡും സെഞ്ച്വറിയുമായി തിളങ്ങിയതോടെ ഒന്നാം ഇന്നിംഗ്‌സിൽ ഓസീസ് അടിച്ചെടുത്തത് 469 റൺസ്. മറുപടിയായി ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 296 റൺസിൽ ഓൾഔട്ടായി. 270 റൺസിൽ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത ഓസീസ് ഇന്ത്യയ്‌ക്ക് മുന്നിൽ വെച്ചത് 444 റൺസ് വിജയലക്ഷ്യം. 234 റൺസിൽ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു.
2023 ഏകദിന ലോകകപ്പ്
അഹമ്മദാബാദിലെ നവംബർ 19-ലെ രാത്രി ഇന്ത്യയുടേതായിരുന്നില്ല. 10 മത്സരങ്ങൾ നീണ്ട ഇന്ത്യയുടെ അപരാജിത കുതിപ്പിന് ഫൈനലിൽ ഓസീസ് തടയിട്ടു. 6 വിക്കറ്റിനായിരുന്നു സന്ദർശകരുടെ ജയം. ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം 43 ഓവറിൽ ഓസീസ് മറികടന്നു.