അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ പോളണ്ടിനെ വീഴ്‌ത്തി നെതർലൻഡിന് യൂറോ കപ്പിൽ ആദ്യ ജയം. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ഓറഞ്ച് പടയുടെ വിജയം. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് നെതർലൻഡ് തിരിച്ചുവന്നത്. ബെഞ്ചിൽ നിന്നെത്തി വെഗോസ്റ്റോയാണ് നെതർലൻഡിന്റെ ഹീറോയായത്. അവസാന നിമിഷം കളത്തിലിറങ്ങി രണ്ടാം മിനിട്ടിൽ പോളണ്ട് ഗോൾ വല കുലുക്കുകയായിരുന്നു. ഹാംബർഗിൽ റൊണാൾഡ് കോമാന്റെ ഡച്ചുപട മികച്ച രീതിയിലാണ് തുടങ്ങിയത്.
എന്നാൽ മത്സരത്തിന്റെ 16-ാം മിനിട്ടിൽ ആദം ബുസ്ക പോളണ്ടിനെ മുന്നിലെത്തിച്ചു. ഒരു കോർണർ കിക്കിൽ തലവച്ചാണ് താരം ഡച്ചുകാരെ ഞെട്ടിച്ചത്. പരിക്കേറ്റ റോബർട്ട് ലെവൻഡോവ്‌സ്‌കിക്ക് പകരം ആദ്യ ഇലവനിൽ ഇടംപിടിച്ച താരമാണ് ആദം ബുക്‌സ
29-ാം മിനിട്ടിൽ ഓറഞ്ചുപട ലിവർപൂൾ താരം ഗാക്പോയിലൂടെ തിരികെ വന്നു. നേഥൻ ആകെ നൽകിയ പാസിലാണ് ഗാക്പോ വലകുലുക്കിയത്. പോളണ്ട് ഗോൾ മുഖത്ത് നിരന്തം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ലിവർപൂൾ താരത്തിനായി. അതേസമയം മെംഫിസ് ഡിപേയും സാവി സിമൺസും നിറം മങ്ങി. ലെബ്രുഗന്റെ സേവുകളാണ് നെതർലൻഡിനെ രക്ഷിച്ചത്. പോളണ്ട് മുന്നേറ്റ നിര തൊടുത്ത മൂന്ന് ഷോട്ടുകളാണ് അദ്ദേഹം തടുത്ത് അപകടം ഒഴിവാക്കിയത്. പോളണ്ട് ഗോള്‍കീപ്പര്‍ വോയ്‌സിയെച് ഷെസെസ്‌നിയും മികച്ച പ്രകടമാണ് പുറത്തെടുത്തത്.