ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി. സംഭവത്തിൽ രാജേന്ദ്രനഗർ സ്വദേശിയും 22 കാരനുമായ അക്ബർ അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമൂഹമാദ്ധ്യമങ്ങളിൽ വധഭീഷണി മുഴക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് നടപടി.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും യോഗി ആദിത്യനാഥിനെതിരെയും വധഭീഷണി മുഴക്കികൊണ്ടുള്ള വീഡിയോ പ്രചരിച്ചത്. അശ്ലീല വാക്കുകളും യുവാവ് ഇതിൽ ഉപയോഗിക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്.
വീഡിയോ നാല് മാസത്തോളം പഴയതാണെന്നും എന്നാൽ ഇത് ഇപ്പോഴും പ്രചരിക്കുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അക്ബർ അലി പിടിയിലാവുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.