ലക്നൗ: പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 17-ാം ഗഡുവിന്റെ വിതരണം ഇന്ന്. വാരാണാസി സന്ദർശനത്തിനിടെ പ്രധാനമന്ത്രിയാണ് ഗഡു വിതരണം ചെയ്യുക. 92.6 ദശലക്ഷത്തിലധികം ഗുണഭോക്താക്കളാണ് പിഎം-കിസാൻ സമ്മാൻ നിധിക്കുള്ളത്. 20,000 കോടി രൂപയിലധികം തുക ഈ ഇനത്തിൽ ജനങ്ങളിലേക്ക് നേരിട്ടെത്തും.
തുടർന്ന് കിസാൻ സമ്മേളനത്തെ അഭിസംബോധന ചെയ്യും. കൃഷി സഖികളായി പരിശീലനം നേടിയ 30,000-ലധികം സ്വയം സഹായ സംഘങ്ങൾക്ക് പാരാ എക്സ്റ്റൻഷൻ വർക്കർമാരായി സേവനമനുഷ്ഠിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടക്കും. വരാണാസിയിൽ നടക്കുന്ന ചടങ്ങിൽ ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, മറ്റ് നേതാക്കളും പങ്കെടുക്കും.
732 കൃഷി വികസന കേന്ദ്രങ്ങളിൽ നിന്നുള്ളവർ, ഒരു ലക്ഷത്തിലധികം കാർഷിക സഹകരണ സംഘങ്ങൾ എന്നിവയിൽ നിന്ന് ഉൾപ്പടെ 25 ദശലക്ഷത്തിലധികം കർഷകർ പരിപാടിയിൽ പങ്കെടുക്കും. തെരഞ്ഞെടുത്ത 50 കൃഷി വികസന കേന്ദ്രങ്ങളിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രിമാരുമായി സംസാരിക്കാൻ കർഷകർ അവസരമുണ്ടാകും. മികച്ച കാർഷിക രീതികൾ അറിയാനും പുതിയ സാങ്കേതികവിദ്യകളെ പരിചയപ്പെടാനും കാലാവസ്ഥവ്യതിയാനത്തെ കുറിച്ചും കർഷകർക്ക് സംശയനിവാരണം നടത്താവുന്നതാണ്.
2019-ലാണ് പിഎം കിസാൻ സമ്മാൻനിധി കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. ഇതുവരെ സർക്കാർ 11 കോടിയിലധികം കർഷകർക്ക് 3.04 ലക്ഷം കോടി രൂപ വിതരണം ചെയ്തു. പിഎം-കിസാൻ സമ്മാൻനിധിയിലൂടെ അർഹരായ കർഷകർക്ക് നാല് മാസം കൂടുമ്പോൾ 2,000 രൂപയാണ് നൽകി വരുന്നത്. ഒരു വർഷം 6,000 രൂപയാണ് ഗഡുക്കളായി കർഷകരിലെത്തിക്കുന്നത്. ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് തുക നേരിട്ടെത്തുകയാണ് ചെയ്യുന്നത്. പിഎം-കിസാൻ സമ്മാൻ നിധിയുടെ 17-ാം ഗഡു അനുവദിച്ച് കൊണ്ടുള്ള ബില്ലിലാണ് മൂന്നാമതും പ്രധാനമന്ത്രി പദത്തിലേറിയതിന് പിന്നാലെ പ്രധാനമന്ത്രി ആദ്യം ഒപ്പിട്ടത്.















