സൈനിക സിനിമ എന്ന് കേട്ടാൽ മലയാളികൾക്ക് ആദ്യം ഓർമ്മ വരിക സംവിധായകൻ മേജർ രവിയുടെ മുഖമാണ്. അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളൊക്ക തന്നെ ഓരോ ഭാരതീയനെയും അഭിമാനം കൊള്ളിക്കുന്നതാണ്. 1975-ൽ തന്റെ പതിനേഴാം വയസിൽ സൈന്യത്തിൽ ചേർന്ന വ്യക്തിയാണ് മേജർ രവി. ആർമി കേഡറ്റ് കോളേജിൽ നിന്നും പഠിച്ച് ബിരുദം നേടി 1984-ൽ അദ്ദേഹം ആർമി ഓഫീസറായി നിയമിതനായി. സൈന്യത്തിലെ മികച്ച സേവനത്തിന് രാഷ്‌ട്രപതിയുടെ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ മേജർ രവി, 21 വർഷത്തെ സൈനിക സേവനത്തിന് ശേഷം 1996-ലാണ് സൈന്യത്തിൽ നിന്ന് വി.ആർ.എസ് എടുത്ത് മേജറായി വിരമിച്ചത്. അക്കാലത്ത് യുദ്ധ സമയത്ത് തനിക്ക് ഉണ്ടായ ഒരു അപകടത്തെപ്പറ്റി മനസ് തുറക്കുകയാണ് മേജർ രവി. കണ്ണിനുണ്ടായ പരിക്കിനെ പറ്റിയാണ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയത്.
“മരണം നമ്മൾ വിചാരിക്കുന്ന സമയത്ത്, നമ്മൾ തീരുമാനിച്ചാലും നടക്കണമെന്നില്ല. എന്നെ ഒരാൾക്ക് കൊല്ലണമെങ്കിൽ 1880 മുതൽ 1992 വരെ ഞാൻ സൈന്യത്തിൽ ഉണ്ടായിരുന്ന സമയത്ത് കൊല്ലാമായിരുന്നല്ലോ. ദിവസം എന്നൊന്നും പറയുന്നില്ല, ആഴ്ചയിലോ മാസത്തിലോ ഒന്നോ രണ്ടോ തവണ എങ്കിലും ഏറ്റുമുട്ടൽ ഉണ്ടാകാറുണ്ട്. ആ സമയത്ത് ഒരിഞ്ച് വ്യത്യാസത്തിൽ ബുള്ളറ്റുകൾ നമ്മുടെ ദേഹത്ത് തറക്കാതെ പോയിട്ടുണ്ട്. ഒരു പ്രാവശ്യം മാത്രം കണ്ണിന് ചെറിയ ഒരു പരിക്ക് പറ്റി, അത്രമാത്രം”.
“കണ്ണിൽ നേരിട്ടുവന്ന് ബുള്ളറ്റ് കൊണ്ടല്ല. കുറച്ചുദിവസം കണ്ണിൽ കരട് പൊട്ടുന്ന പോലെ ഒരു അനുഭവമായിരുന്നു. പിന്നീടാണ് അതിൽ നിന്നൊരു മെറ്റൽ പീസ് കണ്ടെത്തുന്നത്. ഇപ്പോൾ ഇടതു കണ്ണിന്റെ കാഴ്ചയ്‌ക്ക് കുറച്ച് മങ്ങൽ അനുഭവപ്പെടുന്നുണ്ട്. ബുള്ളറ്റ് വാഹനത്തിന്റെ മുകളിൽ പോയി അടിച്ച് അതിൽനിന്ന് ഒരു പീസ് വന്നു കണ്ണിൽ തറക്കുകയായിരുന്നു. അതല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല. ഞാനൊരു അക്കാദമി നടത്തുന്ന ആളാണ്. അവിടെ ചേരുന്ന കുട്ടികളോടും അവരുടെ മാതാപിതാക്കളോടും ഞാൻ പറയുന്ന ഒരു കാര്യമുണ്ട്. പട്ടാളത്തിൽ പോയി കഴിഞ്ഞാൽ മരിക്കും എന്ന ചിന്ത മാറ്റിവെക്കണം. മരിക്കാൻ പട്ടാളത്തിൽ പോകണമെന്നില്ല. മരണം ആരുടെയും കൈയിലില്ല. അതെങ്ങനെയും സംഭവിക്കാം”-മേജർ രവി പറഞ്ഞു.















