കണ്ണൂർ: തലശ്ശേരി എരഞ്ഞോളിയിൽ സ്റ്റീൽ ബോംബ് പൊട്ടി വയോധികൻ മരിച്ചു. കൂടക്കളം സ്വദേശി വേലായുധൻ (75) ആണ് മരിച്ചത്. വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ തേങ്ങ പെറുക്കാൻ പോയപ്പോഴായിരുന്നു അപകടം. ഇരു കൈകളും പൂർണമായി അറ്റുപോയ നിലയിലായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
എരഞ്ഞോളി പഞ്ചായത്ത് ഓഫീസിന് സമീപമാണ് സംഭവം. പറമ്പിൽനിന്ന് കിട്ടിയ സ്റ്റീൽ പാത്രം തുറന്നപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സ്ഫോടനം നടന്നത്.
സിപിഎം ശക്തി കേന്ദ്രമാണ് എരഞ്ഞോളി. ആറ് മാസം മുൻപ് സമീപ പ്രദേശമായ പാനൂരിൽ നടന്ന സ്റ്റീൽ ബോംബ് സ്ഫോടനത്തിൽ ആക്രി ശേഖരിക്കുന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.















