‘അച്ഛന്റെ മകൻ തന്നെ’ എന്ന് മലയാളികൾ ഒരു നടനെ നോക്കി പറയാറുണ്ടെങ്കിൽ അത് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷിനെയാണ്. ലുക്കിലും ശബ്ദത്തിലും മാനറിസങ്ങളിലുമെല്ലാം ഒരു കൊച്ചു സുരേഷ് ഗോപിയാണ് താരം. സുരേഷ് ഗോപിയുടെ ആദ്യകാല ശബ്ദവും രൂപവും ഗോകുലിന് സമാനമാണ്. അടുത്തിടെ സുരേഷ് ഗോപിയുടെ ഒരു പഴയകാല ഇന്റർവ്യൂ വൈറലായിരുന്നു. അതിലെ ശബ്ദം ഗോകുലിന്റേത് പോലെ എന്നായിരുന്നു മലയാളികളുടെ കണ്ടെത്തൽ. ഇപ്പോഴിതാ, ആ അഭിമുഖം കണ്ടപ്പോൾ താൻ തന്നെ ഞെട്ടിയെന്ന് പറയുകയാണ് ഗോകുൽ സുരേഷ്.
“അച്ഛന്റെ മാനറിസങ്ങൾ ചെയ്യേണ്ട ആവശ്യമില്ല, അത് തനിയെ എന്നിൽ വരും. ശ്രമിക്കേണ്ടി വരാറില്ല. അച്ഛൻ അല്ലാത്ത കുറേ എനിക്ക് ചെയ്യാൻ പറ്റി. ഞാൻ ആഗ്രഹിക്കുന്നതും അങ്ങനെയാണ്. അച്ഛന്റെ പഴയ ഒരു ഇന്റർവ്യൂ ഇപ്പോൾ വന്നിട്ടുണ്ട്. ഞാൻ ഡബ്ബ് ചെയ്ത പോലെ ഉണ്ടെന്ന് പറയുന്നു. ഞാൻ തന്നെ അന്തം വിട്ടു പോയി.
“ആദ്യമായാണ് ആ ഇന്റർവ്യൂ ഞാൻ കാണുന്നത്. അച്ഛന്റെ പഴയ ഇന്റർവ്യൂ കണ്ട് ഞാൻ ഞെട്ടിപ്പോയി. ഇത് എന്റെ ശബ്ദമല്ലേ എന്ന് ആലോചിച്ചു. ഒരു പൊടിക്ക് അച്ഛന് ശബ്ദം കൂടുതലുണ്ട്”- ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഗോകുൽ സുരേഷ് പറഞ്ഞു.