തിരുവനന്തപുരം: തൃക്കാണ്ണാപുരത്ത് ഇൻസ്റ്റഗ്രാം താരം ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശി ബിനോയ് ആണ് പിടിയിലായത്. ഇയാൾക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തിയതായി പൊലീസ് പറഞ്ഞു.
പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിനോയിയെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയും യുവാവും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും എന്നാൽ രണ്ട് മാസം മുമ്പ് ഇവർ ബന്ധം ഉപേക്ഷിച്ചുവെന്നും പൊലീസ് പറയുന്നു.
ഇതിന്റെ മനോവിഷമത്തിലായിരുന്ന പെൺകുട്ടി സൈബർ ആക്രമണം കൂടി നേരിട്ടതോടെ കഴിഞ്ഞ 10ന് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാലിത് സഹോദരൻ കണ്ടതോടെ 18കാരിയെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 16ന് യുവതി മരിച്ചു.
പ്രായപൂർത്തിയാകുന്നതിന് മുമ്പേ ബിനോയിയുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.















