ചെറുതുരുത്തി: ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ തമ്മിൽ മദ്യലഹരിയിൽ സംഘർഷം. ചെറുതുരുത്തിയിൽ കിസ്മിസ് റെസ്റ്റോ ഹോട്ടലിൽ കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയാണ് സംഘർഷം ഉണ്ടായത്.
ഭക്ഷണം കഴിക്കാൻ മദ്യലഹരിയിൽ വന്ന യുവാക്കൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന മറ്റുള്ളവരുമായി തർക്കമുണ്ടാകുകയും സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. യുവാക്കൾ ശബ്ദം വച്ചത് ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണമായതെന്നാണ് വിവരം.
ചെറുതുരുത്തി പാലത്തിനു സമീപമുളള ഹോട്ടലാണിത്. സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കടയിലിരുന്ന പ്ലേറ്റുകളും മറ്റ് സാധനങ്ങളും തല്ലിപ്പൊട്ടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കസേരയെടുത്ത് തല്ലാനോങ്ങുന്നതും തറയിലെറിയുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ നാലു യുവാക്കളെ ചെറുതുരുത്തി പോലീസ് കസ്റ്റഡിയിലെടുത്തു.