തിരുവനന്തപുരം: കഴക്കൂട്ടത്ത് നാടൻ ബോംബുകൾ കണ്ടെത്തി. കുളത്തൂർ മാർക്കറ്റിൽ നിന്ന് 5 നാടൻ ബോംബുകളാണ് കച്ചവടക്കാർ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറുകളിലാക്കി വച്ചിരുന്ന നിലയിലായിരുന്നു നാടൻ ബോംബുകളുണ്ടായിരുന്നതെന്ന് കച്ചവടക്കാർ പറഞ്ഞു.
ബോംബുകൾ നിർവീര്യമാക്കുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ കൊല്ലപ്പെട്ട സംഭവത്തിലും അന്വേഷണം നടന്നു വരികയാണ്. എന്നാൽ ഇതുവരെയും പൊലീസിന് പ്രതിയെ കുറിച്ചുള്ള സൂചനകൾ ലഭിച്ചിട്ടില്ല. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും പ്രതി ചേർത്തിട്ടില്ല. ഇന്നലെ പറമ്പിൽ തേങ്ങ പെറുക്കാൻ പോയ കൂടക്കളം സ്വദേശി വേലായുധനാണ് സ്റ്റീൽ ബോംബ് പൊട്ടി മരണപ്പെട്ടത്.