പട്‌ന: ഭാരതത്തിന്റെ മഹത്തായ ചരിത്രം വിളിച്ചോതുന്ന നളന്ദ സർവകലാശാല ഇന്ത്യയുടെ സുവർണയുഗത്തിന് തുടക്കമിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർവകലാശാലയുടെ പുതിയ കാമ്പസ്, ഭാരതത്തിന്റെ കഴിവുകൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിൽ നളന്ദ സർവകലാശാലയുടെ പുതിയ കാമ്പസ് ഉദ്ഘാടനം ചെയ്ത ശേഷം നടന്ന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” മൂന്നാം ഊഴത്തിന് തുടക്കമിട്ട് 10 നാളുകൾക്കുള്ളിൽ തന്നെ നളന്ദ സർവകലാശാലയുടെ പുതിയ കാമ്പസ് ഉദ്ഘാടനം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്. നളന്ദ എന്നത് കേവലം ഒരു പേരല്ല, ഇതൊരു മന്ത്രമാണ്, ഐക്യമാണ്. പുസ്തകങ്ങൾ ഒരുപക്ഷേ അഗ്നിയിൽ കത്തിയമർന്നിരിക്കാം എന്നാൽ അറിവുകൾ നിലനിൽക്കുക തന്നെ ചെയ്യും. ഏഷ്യയുടെ പൈതൃകവുമായും നളന്ദ സർവകലാശാല ബന്ധപ്പെട്ടിരിക്കുന്നു. സർവകലാശാലയുടെ പുനർനിർമാണത്തിൽ നമ്മുടെ സൗഹൃദ രാജ്യങ്ങളും പങ്കാളികളായി. ഈ അവസരത്തിൽ അവരെയും ഞാൻ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.”- പ്രധാനമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസം നമ്മുടെ ചിന്തകളെയും സ്വഭാവത്തെയും രൂപപ്പെടുത്തുന്നു. ഒരുകാലത്ത് ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ പ്രഭവ കേന്ദ്രമായിരുന്നു നളന്ദ സർവകലാശാല. വിവിധ രാജ്യങ്ങളുടെ നാനാ ഭാഗത്ത് നിന്നും വിദ്യാർത്ഥികൾ നളന്ദ സർകലാശാലയിൽ വിദ്യാഭ്യാസത്തിനായി എത്തിയിരുന്നു. വീണ്ടും ഭാരതത്തിന്റെ സുവർണ കാലഘട്ടത്തിലേക്കുള്ള തിരിച്ചുപോക്കിനാണ് നാം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ബിഹാറിലെ രാജ്ഗിറിൽ 1,700 കോടി രൂപ മുടക്കിയാണ് സർവകലാശാല നിർമിച്ചത്. 17 രാജ്യങ്ങളിൽ നിന്നുള്ള അംബാസിഡർമാരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ബിഹാർ ഗവർണർ രാജേന്ദ്ര അർലേകർ, മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് സിൻഹ എന്നിവരും മറ്റ് പ്രതിനിധികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു.















