കറിവേപ്പില കേടുകൂടാതെ സൂക്ഷിക്കുകയെന്നത് ഏറെ പ്രയാസമേറിയ കാര്യമാണ്. ഫ്രിഡ്ജിൽ എടുത്ത് വച്ചാലും കുറച്ച് ദിവസം കഴിഞ്ഞാൽ വേപ്പിലയുടെ നിറം മാറുകയോ കറുത്തുപോവുകയോ ചെയ്യും. എന്നാൽ കറിവേപ്പില മാസങ്ങളോളം സൂക്ഷിക്കാൻ കഴിയുമെന്നാണ് ഇൻസ്റ്റഗ്രാം താരവും കണ്ടന്റ് ക്രിയേറ്ററുമായ ധാര അവകാശപ്പെടുന്നത്. ഇതിനായുള്ള സൂത്രവിദ്യയും അവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.
സൂക്ഷിച്ചുവയ്‌ക്കാൻ ചെയ്യേണ്ടത്:
കറിവേപ്പില തണ്ടിൽ നിന്ന് ഉരിഞ്ഞെടുക്കുക. ശേഷം ഒരു ഐസ് ട്രേ എടുത്ത് അതിലെ കുഴികളിൽ വേപ്പില നിറയ്‌ക്കുക. ശേഷം ട്രേയിലെ ഓരോ കുഴികളിലേക്കും വെള്ളം ഒഴിച്ച് കൊടുക്കുക. ഇതിന് ശേഷം ഐസ് ട്രേ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചെടുക്കാം. വേപ്പില ഐസ് രൂപത്തിലായി കഴിഞ്ഞാൽ ഓരോ ക്യൂബും എടുത്ത് മറ്റൊരു കവറിലാക്കി അടച്ചുവയ്‌ക്കുക. ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കുക. പിന്നീട് വേപ്പില ആവശ്യം വരുമ്പോൾ ഐസ്ക്യൂബ് എടുത്ത് വെള്ളത്തിലിടുക. ഇങ്ങനെ ചെയ്യുമ്പോൾ ഫ്രഷായ വേപ്പില ലഭിക്കുന്നതാണെന്നും ഐസ് ക്യൂബാക്കി എടുത്തുവച്ചാൽ മാസങ്ങളോളം വേപ്പില കേടുകൂടാതിരിക്കുമെന്നുമാണ് വീഡിയോ പങ്കുവച്ച യുവതി അവകാശപ്പെടുന്നത്.
View this post on Instagram
പടിഞ്ഞാറൻ രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് ഈ സൂത്രവിദ്യ ഏറെ പ്രയോജനമാകുമെന്നാണ് വീഡിയോക്ക് താഴെ വന്ന കമന്റ്. പുറംരാജ്യങ്ങളിൽ പലയിടത്തും കറിവേപ്പില വളരെയധികം വിലയേറിയതാണ്. മാത്രവുമല്ല, പല സമയങ്ങളിലും ഇത് സുലഭവുമായിരിക്കില്ല. അത്തരം സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് ഐസ് ക്യൂബ് വിദ്യ ഏറെ ഗുണം ചെയ്യും.