ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലും പ്രമുഖ ഹൈന്ദവ ക്രൈസ്തവ ദേവാലയങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലും ബിജെപി ഒന്നാമത്: കെ സുരേന്ദ്രൻ

Published by
Janam Web Desk

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി കാഴ്ചവെച്ച വൻ മുന്നേറ്റം അക്കമിട്ട് എണ്ണിപ്പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലെ ഇടത്- വലത് പാർട്ടികളിലെ പ്രമുഖ നേതാക്കളുടെ ബൂത്തുകളിൽ അടക്കം ബിജെപി ലീഡ് ചെയ്തുവെന്നും ചരിത്ര പ്രാധാന്യമുള്ള ഇടങ്ങളിലും പ്രമുഖ ഹൈന്ദവ ക്രൈസ്തവ ദേവാലയങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലും പാർട്ടി വൻ കുതിപ്പ് നടത്തിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ജനം ടിവി ‘ദ ബിഗ് ഇന്റർവ്യൂ’വിൽ ചീഫ് എഡിറ്റർ പ്രദീപ് പിളളയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ബിജെപി വിജയിക്കില്ല, ഒരു സീറ്റിലും രണ്ടാം സ്ഥാനത്ത് പോലും വരില്ല എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. കെ മുരളീധരൻ പറഞ്ഞത് കോഴിമുട്ട കിട്ടും എന്നാണ്. പ്രതിപക്ഷവും ഭരണകക്ഷിയും ജനം ടിവി ഒഴികെയുള്ള എല്ലാ മാധ്യമങ്ങളും ഒരു സീറ്റും ബിജെപിക്ക് കിട്ടാൻ പോകുന്നില്ല എന്ന് പറഞ്ഞു. കേരളം ബിജെപിക്ക് ബാലികേറാ മലയാണെന്നായിരുന്നു പ്രചാരണം. അതിന് ജനങ്ങൾ മറുപടി കൊടുത്തു. 75000 വോട്ടിന്റെ ഭൂരിപക്ഷത്തിലുള്ള സുരേഷ് ഗോപിയുടെ വിജയം, 20 ശതമാനം വോട്ട് വർദ്ധനവ്, നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി നോക്കിയാൽ വലിയ വളർച്ചയാണ് ബിജെപിക്ക് ഉണ്ടായിരിക്കുന്നത്.  ഞങ്ങൾ ആദ്യമേ പറഞ്ഞിരുന്നു, ഈ ലോക്സഭാ തെരഞ്ഞെടുപ്പ് കേരള രാഷ്‌ട്രീയത്തിലെ ഒരു ഗെയിം ചേഞ്ചിങ് തെരഞ്ഞെടുപ്പ് ആയിരിക്കുമെന്ന്. മോദിജി തന്നെ അത് പലവട്ടം സൂചിപ്പിച്ചിരുന്നു”.

“കേരളത്തിൽ വലിയ ഒരു അടിത്തറയാണ് ബിജെപി പണിതിരിക്കുന്നത്. ഇനി 35- 40 ശതമാനത്തിലേക്ക് വോട്ട് എത്തിക്കാനുള്ള പ്രയത്നത്തിലാണ് ഞങ്ങൾ. 11 നിയമസഭ മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനത്ത് വന്നു, നിയമസഭാ മണ്ഡലങ്ങളിൽ രണ്ടാംസ്ഥാനത്തും ബിജെപി വന്നു. എന്നാൽ പലരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട്. അത്ഭുതപ്പെടുത്തുന്നത് ബിജെപി 35000, 40000 വോട്ട് നേടിയ ഒരുപാട് സ്ഥലങ്ങൾ ഉണ്ട് എന്നതാണ്. എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലും ഇത് കാണാം. വിജയപ്രതീക്ഷ തീരെയില്ലാത്ത മണ്ഡലങ്ങളിൽ പോലും ഇത് കാണാം. ഉദാഹരണം, വയനാട് മണ്ഡലത്തിൽ ഒരു സ്ഥലത്ത് 35000 കടന്നിരിക്കുകയാണ്. മറ്റൊരു കാര്യം, കേരളത്തിന്റെ മനസാക്ഷിയും ഇത്തവണ ബിജെപിക്ക് ഒപ്പമായിരുന്നു”.

“മുഖ്യമന്ത്രിയുടെ ബൂത്തിൽ ബിജെപിക്ക് ഉണ്ടായ കുതിച്ചു കയറ്റം. പുന്നപ്ര വയലാറിന്റെ ചരിത്ര പാരമ്പര്യമുള്ള മേഖലകളിലെല്ലാം ബിജെപിയാണ് മുന്നിൽ. എ കെ ആന്റണി വോട്ടു ചെയ്ത സ്ഥലത്ത് ബിജെപിയാണ് ലീഡ് ചെയ്തത്. ശശി തരൂർ പോർട്ട് ചെയ്ത സ്ഥലത്ത് ബിജെപി ആണ് ലീഡ് ചെയ്തിരിക്കുന്നത്. എൻ.കെ പ്രേമചന്ദ്രൻ വോട്ടു ചെയ്ത ഇടത്തും ബിജെപി. ആന്റോ അന്റണി വോട്ട് ചെയ്ത ബൂത്തിൽ വൻഭൂരിപക്ഷമാണ് ബിജെപിക്ക്. ഇടത് വലത് മുന്നണികളിലെ പ്രമുഖ നേതാക്കളുടെയെല്ലാം ബൂത്തിൽ ബിജെപി ലീഡ് ചെയ്തിരിക്കുന്നത് കാണാം. അതുമാത്രമല്ല ചരിത്ര പ്രാധാന്യമുള്ള എല്ലാ സ്ഥലങ്ങളിലും ബിജെപി ലീഡ് ചെയ്തു. പത്മനാഭസ്വാമി ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം ഇവിടങ്ങളിലെല്ലാം ബിജെപി ലീഡ് ചെയ്തു. വൈക്കം സത്യാഗ്രഹം നടന്ന സ്ഥലത്ത് 385 വോട്ടിന്റെ സർവകാല റെക്കോർഡാണ് ബിജെപി സ്വന്തമാക്കിയത്. ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലും പ്രമുഖ ഹൈന്ദവ ക്രൈസ്തവ ദേവാലയങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലും ബിജെപി വൻ മുന്നേറ്റമാണ് ഉണ്ടാക്കിയത്”- കെ സുരേന്ദ്രൻ പറഞ്ഞു.

 

 

 

Share
Leave a Comment