ആദ്യ പകുതി അവസാനിക്കുമ്പോൾ വലിയൊര് അട്ടിമറി പ്രതീക്ഷിച്ച അൽബേനിയ, 70 മിനിട്ടിന് ശേഷം വഴങ്ങിയ രണ്ടുഗോളിൽ തോൽവിയുടെ വക്കിൽ. 95-ാം മിനിട്ടിൽ വീണ്ടും ക്രൊയേഷ്യയെ ഞെട്ടിച്ച് ഗോൾവലകുലുക്കി ജയത്തോളം പോന്ന സമനിലയും. ട്വിസ്റ്റിന്റെ അയ്യരു കളിയായിയിരുന്നു യൂറോ കപ്പിലെ ഗ്രൂപ്പ് ബിയിൽ. മരണ ഗ്രൂപ്പെന്ന് വിളിക്കുന്നത് വെറുതെയല്ലെന്ന് മനസിലാക്കി തന്ന മത്സരം. സമനിലയോടെ ക്രൊയേഷ്യയുടെ നോക്കൗട്ട് പ്രതീക്ഷകൾ വെള്ളത്തിലായി.
ജാസിർ അസനിയുടെ ക്രോസ് ഒരു ഉഗ്രൻ ഹെഡ്ഡറിലൂടെ ബോക്‌സിന്റെ മധ്യഭാഗത്ത് നിന്ന് പോസ്റ്റിന്റെ താഴെ വലത് മൂലയിലേക്ക് ചെത്തിയിട്ടാണ് ലാസി ക്രൊയേഷ്യയെ ഞെട്ടിച്ചത്. പിന്നാലെ മിന്നിക്കളിച്ച അൽബേനിയ നിരവധി അവസരങ്ങളും സൃഷ്ടിച്ചെടുത്തെങ്കിലും നിർഭാഗ്യം വിലങ്ങു തടിയായി.
74-ാം മിനിട്ടുവരെ മത്സരം വലിയൊരു അട്ടിമറിയിലേക്ക് നീങ്ങുന്നുവെന്ന തോന്നലായിരുന്നു. എന്നാൽ 75-ാം മിനിട്ടിൽ ആന്ദ്രെ ക്രമാറിച്ച് ബോക്സിന്റെ മദ്ധ്യഭാഗത്ത് നിന്ന് തൊടുത്ത ഷോട്ട് അൽബേനിയൻ വല തുളച്ചു. അന്റെ ബുദിമിറിന്റേതായിരുന്നു പാസ്.രണ്ടു മിനിട്ട് തികയും മുൻപ് ക്ലോസ് ജാസുലയുടെ സെൽഫ് ഗോൾ അൽബേനിയക്ക് ഹാർട്ട് അറ്റാക്ക് നൽകി. ഇതിന്റെ പ്രായശ്ചിത്തം അദ്ദേഹം 95-ാം മിനിട്ടിൽ ക്രൊയേഷ്യയുടെ ഹൃദയം തകർത്താണ് ചെയ്തത്.















