കിരീടം നിലനിർത്താൻ ഇറങ്ങുന്ന ഇറ്റലിക്ക് ഇന്ന് എതിരാളി കരുത്തരായ സ്‌പെയിൻ. രാത്രി 12.30നാണ് മത്സരം. ഗ്രൂപ്പ് ബിയിൽ രണ്ടാം ജയം തേടി വമ്പന്മാർ കൊമ്പുകോർക്കുമ്പോൾ ആരാധകർ പ്രതീക്ഷിക്കുന്നത് ഹൈ വോൾട്ടേജ് മത്സരമാണ്. മൂന്നുതവണ കിരീടം നേടിയിട്ടുള്ള സ്‌പെയിൻ കഴിഞ്ഞ തവണ സെമിയിലാണ് വീണത്.
ആദ്യ മത്സരത്തിൽ സ്പാനിഷ് യുവനിര ക്രൊയേഷ്യയെ തരിപ്പണമാക്കിയിരുന്നു. ലൂയി ഡെ ഫ്യൂന്തെ പരിശീലിപ്പിക്കുന്ന സ്പാനിഷ് ടീം താരസമ്പന്നമാണ്. അൽവാരോ മൊറാട്ട-ലാമിനെ യമാൽ സഖ്യം മുന്നേറ്റനിരയിലിറങ്ങും. മധ്യനിരയിൽ റോഡ്രി കളിമെനയും. ഡാനി കാർവഹാലും എയ്മറിക് ലാപോർട്ടോയും നിലയുറപ്പിക്കുന്ന പ്രതിരോധവും ശക്തം.
അൽബേനിയക്കെതിരെ വിറച്ചെങ്കിലും ഇറ്റലി സ്പെയിനിന് വെല്ലുവിളി ഉയർത്തുമെന്ന കാര്യത്തിൽ തർക്കമില്ല.
നാപ്പോളിയെ സീരി എ-യിൽ കിരീടത്തിലേക്ക് നയിച്ച ലൂസിയാനോ സ്പല്ലെറ്റിയുടെ കീഴിലെത്തുന്ന ഇറ്റലിക്ക് കിരീടം നിലിനിർത്തി പലതും തെളിയിക്കാനുമുണ്ട്. ജോർജീന്യോ, ബ്രയാൻ ക്രിസ്റ്റിയന്റെ, ഫെഡറിക്കോ ഡിമാർക്കോ,ആന്ദ്രെ കാമ്പിയാസോ എന്നിവർ അണിനിരക്കുന്ന മദ്ധ്യനിരയും ഫെഡറിക്കോ ചിയേസയും ജിയാൻലൂക്ക എന്നിവർ നയിക്കുന്ന മുന്നേറ്റവും കരുത്തുറ്റത്.















