സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ അഫ്ഗാനെ അനായാസം മറികടന്ന് ഇന്ത്യ. ജസ്പ്രീത് ബുമ്ര ഒരിക്കൽക്കൂടി ക്ലാസ് വ്യക്തമാക്കിയ മത്സരത്തിൽ ഇന്ത്യക്ക് 55 റൺസ് ജയം. 182 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ അഫ്ഗാൻ നിശ്ചിത ഓവറിൽ 134 റൺസിന് പുറത്തായി.
നാലോവറിൽ ഒരു മെയ്ഡനടക്കം 7 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ പിഴുത ജസ്പ്രീത് ബുമ്രയുടെ കണിശതയാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്. 26 റൺസെടുത്ത അസ്മത്തുള്ള ഒമർസായി ആണ് അഫ്ഗാൻ നിരയിലെ ടോപ് സ്കോറർ. നാലുപേർ രണ്ടക്കം കാണാതെ കുടാരം കയറി. ഇന്ത്യൻ ബൗളർമാർ തിളങ്ങിയതോടെ ഒരുഘട്ടത്തിലും അഫ്ഗാനിസ്ഥാന് വിജയ പ്രതീക്ഷയുണ്ടായിരുന്നില്ല.
റഹ്മാനുള്ള ഗുർബാസ്(11), ഹസ്രത്തുള്ള സസായി(2), ഇബ്രാഹീം സദ്രാൻ(8), ഗുലാബ്ദീൻ നായിബ്(17), നജിബുള്ള സദ്രാൻ(19), റാഷിദ് ഖാൻ(2), നവീൻ ഉൾ ഹഖ് (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. അർഷദീപ് സിംഗ് മൂന്നും, കുൽദീപ് യാദവ് രണ്ടും വിക്കറ്റും നേടി. അക്സർ പട്ടേലും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.















