വമ്പന്മാരെ സമനിലയിൽ തളച്ച് കരുത്തുക്കാട്ടി ഡെന്മാർക്ക്. ഗ്രൂപ്പ് സിയിലെ മത്സരത്തിൽ ഇംഗ്ലണ്ടും ഡെന്മാർക്കും ഓരോ ഗോൾ വീതം അടിച്ചു സമനിലയിൽ പിരിയുകയായിരുന്നു. 18-ാം മിനിട്ടിൽ നായകൻ ഹാരി കെയ്നാണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. ബോക്സിന്റെ മധ്യഭാഗത്ത് നിന്ന് തൊടുത്ത ഇടംകാൽ ഷോട്ട് ഗോളിക്ക് അവസരം നൽകാതെ ബോക്സിന്റെ ഇടതുമൂലയിലേക്ക് പതിക്കുകയായിരുന്നു.
പിന്നീട് കടലാസിലെ കരുത്തിന്റെ ഏഴയലത്തുപോലും ഇല്ലാതിരുന്ന ഇംഗ്ലണ്ടിനെയാണ് കളത്തിൽ കണ്ടത്. പന്തടക്കത്തിലും ഷോട്ടുകളിലും ആധിപത്യം പുലർത്തിയ ഡെന്മാർക്ക് ഇംഗ്ലണ്ടിനെ അത്യന്തം വിറപ്പിച്ചു. 34-ാം മിനിട്ടിലാണ് ഇംഗ്ലണ്ട് ആദ്യം ഞെട്ടിയത്. മോര്‍ട്ടന്‍ ഹ്യൂല്‍മണ്‍ഡ് ബോകിസിന് പുറത്ത് നിന്ന് തൊടുത്ത അത്യുഗ്രൻ ഷോട്ട് ഇംഗ്ലണ്ട് വല തുളയ്‌ക്കുകയായിരുന്നു. വിക്ടർ ക്രിസ്റ്റ്യൻസൻ നൽകിയ പന്താണ് ഇംഗ്ലണ്ട് പ്രതിരോധം മറികടന്ന് വലയിൽ പതിച്ചത്.
രണ്ടാം പകുതിയിലും നിറം മങ്ങിയ ഇംഗ്ലണ്ടിനെയാണ് കാണാൻ സാധിച്ചത്. ഡെന്മാർക്ക് പലപ്പോഴും ഇംഗ്ലണ്ട് പ്രതിരോധം ഭേദിച്ച് ബോക്സിലേക്ക് കടന്നു കയറിയപ്പോഴും കൂട്ടപ്പൊരിച്ചിലിനൊടുവിലാണ് ഗോൾ വഴങ്ങാതെ രക്ഷപ്പെട്ടത്. രണ്ടാം പകുതിയിൽ സൗത്ത് ഗേറ്റ് മുന്നേറ്റ നിരയെ ഒന്നാകെ മാറ്റിയെങ്കിലും ഇംഗ്ലണ്ടിന്റെ ആക്രമണത്തിന് മൂർച്ചയില്ലായിരുന്നു. ഇംഗ്ലണ്ടാണ് ഗ്രൂപ്പിൽ തലപ്പത്തുള്ളതെങ്കിലും റൗണ്ടിലെ അവസാന മത്സരങ്ങളാകും നോക്കൗട്ടിലാരാെക്കെയെന്ന് തീരുമാനിക്കുക.















