ശ്രീനഗർ: യോഗ അഭ്യസിക്കുന്ന ലോകമെമ്പാടുമുള്ളവർക്ക് യോഗ ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗയുടെയും ധ്യാനത്തിന്റെയും ശാന്തതയുടെയും മണ്ണായ കശ്മീരിൽ നിന്ന് യോഗദിനം ആചരിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് കശ്മീരിലെ ഷേർ-ഇ-കശ്മീർ ഇൻ്റർനാഷണൽ കോൺഫറൻസ് സെൻ്ററിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗ നൽകുന്ന ശക്തി അനുഭവിച്ചറിയാൻ സാധിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പത്ത് വർഷം കൊണ്ട് യോഗയ്ക്കുണ്ടായ മാറ്റം വളരെ വലുതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. യോഗയുമായി ബന്ധപ്പെട്ട ധാരണകളെ മാറ്റിമറിക്കാൻ ഈ ദശകത്തിന് സാധിച്ചു. ഋഷികേശിൽ തുടങ്ങി കാശി വഴി കേരളത്തിലെത്തുന്ന തരത്തിലാണ് യോഗ ടൂറിസം വളരുന്നത്- പ്രധാനമന്ത്രി പറഞ്ഞു.
യോഗ ടൂറിസം വളരുകയാണ്. യോഗ ആധികാരികമായി പഠിക്കാൻ വിദേശികൾ ഇന്ത്യയിലെത്തുന്നു. ഇതുവഴി ആരോഗ്യരംഗവും വിനോദസഞ്ചാര മേഖലയും കുതിക്കുകയാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്‌ക്ക് ഇത് വലിയ സംഭാവന നൽകുന്നു. യോഗയിൽ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയ്‌ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
ഭാരതം പത്മശ്രീ നൽകി ആദരിച്ച ഫ്രാൻസിലെ 101 വയസുള്ള വനിതാ യോഗ പരിശീലകയായ ഷാർലറ്റ് ചോപിനിനെയും പ്രധാനമന്ത്രി അനുസ്മരിച്ചു. ഒരിക്കൽ പോലും ഇന്ത്യ സന്ദർശിച്ചിട്ടില്ലാത്ത വനിതയാണ് അവർ. എന്നാൽ യോഗയെ കുറിച്ച് അവബോധം നൽകുന്നതിന് അക്ഷീണം പ്രവർത്തിക്കുന്ന വനിതയാണവർ. അതിനുള്ള ആദരമാണ് പത്മശ്രീയിലൂടെ ഭാരതം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള സർവകലാശാലകളിലും ഇൻസ്റ്റിറ്റ്യൂട്ടുകളിലും ഇന്ന് യോഗ ഗവേഷണ വിഷയമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പത്ത് വർഷങ്ങൾക്ക് മുൻപ് ഇന്ത്യയാണ് യുഎന്നിൽ യോഗയ്ക്കായി ഒരു ദിനം എന്ന ആശയം അവതരിപ്പിച്ചത്. 177 രാജ്യങ്ങളാണ് ഇന്ത്യയെ പിന്തുണച്ചത്. അന്ന് ഇത് റെക്കോർഡായിരുന്നു. കാരണം, യുഎന്നിൽ ഒരു പ്രമേയത്തെ ഇത്രയേറെ രാജ്യങ്ങൾ അതുവരെ പിന്തുണച്ചിരുന്നില്ല. 2015-ൽ 35,000 പേരാണ് കർത്തവ്യപഥിൽ യോഗ അഭ്യസിച്ചതെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.