മലയാളത്തിലെ കരുത്തുറ്റ നടന്മാരിൽ ഒരാളായിരുന്നു രതീഷ്. നായകനായും വില്ലനായും തിളങ്ങി നിന്ന താരം മലയാള സിനിമയ്‌ക്ക് നൽകിയ സംഭാവനകൾ ചെറുതല്ല. അദ്ദേഹത്തിന്റെ മകൻ പത്മരാജ് രതീഷും മലയാള സിനിമയിൽ തിരക്കുള്ള നടനായി മാറിക്കഴിഞ്ഞു. രതീഷിന്റെ കുടുംബവുമായി അടുത്ത സൗഹൃദമുള്ള ഒരാളാണ് സുരേഷ് ഗോപി. രതീഷിന്റെ മരണശേഷം ആ കുടുംബത്തിന്റെ പല കാര്യങ്ങളും മുന്നിൽ നിന്നുകൊണ്ട് സുരേഷ് ഗോപി ചെയ്തു കൊടുത്തിട്ടുണ്ട്. അദ്ദേഹവുമായുള്ള അടുപ്പത്തെപ്പറ്റി പറയുകയാണ് പത്മരാജ് രതീഷ്.
“അച്ഛനും സുരേഷ് അങ്കിളുമായി അധികം സിനിമയൊന്നും ചെയ്തിട്ടില്ല. വളരെ കുറച്ച് സിനിമകൾ മാത്രം. എന്നാൽ ഒരുമിച്ച് അഭിനയിച്ചതോടെ അച്ഛന്റെ പെരുമാറ്റം സുരേഷ് ഗോപി അങ്കിൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അങ്ങനെ തുടങ്ങിയ ഒരു ബന്ധമാണ്. പക്ഷേ, ഞങ്ങളുടെ കുടുംബത്തെ സഹായിക്കേണ്ട ഒരു ബാധ്യതയും സുരേഷേട്ടൻ ഇല്ല. എന്നാൽ ആ ബാധ്യത അദ്ദേഹം ഏറ്റെടുത്ത് ഇതുവരെയും ഞങ്ങളെ കൂടെ നിർത്തി. അതുകൊണ്ട് ഞങ്ങൾക്കറിയാം അദ്ദേഹത്തിന്റെ മനസ്സ്”.
“വളരെ നിഷ്കളങ്കനായ ഒരു മനുഷ്യനാണ് സുരേഷ് ഗോപി അങ്കിൾ. അദ്ദേഹത്തെപ്പറ്റി ആൾക്കാർ പലതും പറയുന്നുണ്ട്. അതൊക്കെ വല്ലതും അറിഞ്ഞിട്ടാണോ പറയുന്നതെന്ന് എനിക്കറിയില്ല. സുരേഷേട്ടൻ ഒരു നടനാണ്, രാഷ്‌ട്രീയക്കാരനാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് നേരെ പല കമന്റ്സും വരും. ഞങ്ങളുടെ കാര്യത്തിൽ, ചേച്ചിയുടെ കല്യാണവും അനിയത്തിയുടെ കല്യാണവും മുന്നിൽ നിന്ന് നടത്തി തന്ന മനുഷ്യനാണ്. ഞങ്ങളെ ഇപ്പോഴും സപ്പോർട്ട് ചെയ്യുന്നത് സുരേഷ് ഗോപി അങ്കിളും സുരേഷ് കുമാർ അങ്കിളുമാണ്. അദ്ദേഹത്തിനോട് ഒരുപാട് നന്ദിയുണ്ട്. പലപ്പോഴും ഞാൻ പറഞ്ഞിട്ടുണ്ട്, എത്ര പറഞ്ഞാലും ആ നന്ദി മതിയാവില്ല. എന്റെ കുടുംബത്തിന്റെ നെടുംതൂണിൽ ഒരാളാണ് സുരേഷ് ഗോപി അങ്കിൾ”.
“ഒരു രാഷ്‌ട്രീയക്കാരൻ മാത്രമല്ല നല്ലൊരു മനുഷ്യൻ കൂടിയാണ് സുരേഷ് ഗോപി. അദ്ദേഹം ചെയ്യുന്ന ചാരിറ്റിയും പറയുന്ന വാക്കുകൾ ചെയ്തു കാണിക്കുന്നത് ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹം ഒരു വാക്ക് പറഞ്ഞിട്ടുണ്ടെങ്കിൽ അത് ചെയ്തിരിക്കും. ചുമ്മാ ഒന്നും പറയത്തില്ല, പറഞ്ഞിട്ടുണ്ടെങ്കിൽ അത് പ്രാവർത്തികമാക്കും. നമുക്കെല്ലാവർക്കും വേണ്ടതും അങ്ങനെത്തെ ഒരാളെ അല്ലേ. എല്ലാവരും പല വാഗ്ദാനങ്ങളും നൽകും, പക്ഷേ നടത്തി കാണിക്കാറില്ല. രാഷ്‌ട്രീയപരമായി നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും അത് എടുക്കാം. എന്നാൽ എനിക്കുണ്ടായ അനുഭവം വെച്ച് പറഞ്ഞാൽ, അദ്ദേഹം പറയുന്ന വാക്ക് പാലിക്കുന്ന ആളാണ്”-പത്മരാജ് രതീഷ് പറഞ്ഞു.















