പാലക്കാട്: ഭാരതപ്പുഴയിൽ കന്നുകാലികൾ ചത്തുപൊങ്ങി. പട്ടാമ്പി മുതൽ തൃത്താല വെള്ളിയാങ്കല്ല് വരെയുള്ള ഭാഗത്തായി 7 കന്നുകാലികളാണ് ചത്തു പൊങ്ങിയത്. പുഴുവരിച്ച നിലയിലായിരുന്നു കന്നുകാലികളുടെ ജഡങ്ങൾ കിടന്നിരുന്നത്.
ജഡങ്ങൾക്ക് ഏതാനും ദിവസത്തെ പഴക്കമുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. പ്രധാന കുടിവെള്ള സ്രോതസിൽ കാലികൾ ചത്തുപൊങ്ങിയതോടെ ജനങ്ങൾ ആശങ്കയിലാണ്. സംഭവത്തിൽ അന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഭാരതപ്പുഴയുടെ തീരങ്ങളിൽ കന്നുകാലികളെ മേയാൻ വിടുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ മഴയിൽ ജലനിരപ്പ് കൂടുമ്പോൾ പുഴയുടെ മധ്യഭാഗങ്ങളിൽ ഇവ കുടുങ്ങി പോകുന്ന സ്ഥിതി ഇതിന് മുമ്പുമുണ്ടായിട്ടുണ്ട്. മേയാൻ വിടരുതെന്ന് പ്രാദേശികഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ഇത് അധികമാരും ഗൗനിക്കാറില്ല. ഇത്തരത്തിൽ ഒഴുക്കിൽപെട്ടുപോയ കന്നുകാലികളുടെ ജഡമാണ് കരയ്‌ക്കടിഞ്ഞതെന്നാണ് നിഗമനം.















