ലോകനാഥനായ മഹാദേവൻ ഒരു ഭക്തയെ രക്ഷിക്കുവാൻ വേണ്ടി മണ്ണ് ചുമന്ന ലീലയാണ് ഇതിലെ പ്രതിപാദ്യം. മാണിക്യ വാചകർ എന്ന പ്രസിദ്ധനായ കവിയുടെ ചരിത്രവും ഭക്തിയും ഈ ലീലയുടെ പ്രതിപാദനത്തിൽ മനസ്സിലാക്കാം.
വേഗവതിയിലെ ജലം മുഴുവൻ മഹാദേവന്റെയാജ്ഞയാൽ മധുരയിൽ മുഴുവനും വ്യാപിച്ചു. ദുഃഖിതരായ ജനങ്ങൾ രാജാവിനെ ഈ വാർത്ത അറിയിച്ചു. അദ്ദേഹം നദീതീരം ഉയർത്തുവാനുള്ള ആജ്ഞ നൽകി. സ്വന്തം ഭവനത്തിന്റെ സമീപമുള്ള തീരഭാഗം ഉയർത്തുക എന്നുള്ളതായിരുന്നു ഓരോ പൗരന്റെയും കർത്തവ്യം. മന്ത്രിമാരുടെ സാന്നിധ്യത്തിൽ ഓരോ വീട്ടുകാരനും മണ്ണിട്ട് ഉയർത്തുവാനുള്ള ഭാഗം നിശ്ചയിക്കപ്പെട്ടു. കൂലിക്കാരെയും നിശ്ചയിച്ചു. നഗരത്തിന്റെ തെക്ക് കിഴക്ക് ഭാഗത്ത് ജീർണ്ണിച്ച ഒരു മന്ദിരവും അവിടെ ഒരു അനാഥയായ വൃദ്ധയും വസിച്ചിരുന്നു. അരിമാവ് കുഴച്ചുണ്ടാക്കുന്ന “പിട്ട്” എന്ന ഭക്ഷണപദാർത്ഥം ഉണ്ടാക്കി വിറ്റാണ് ആ വൃദ്ധ ദൈനംദിന ജീവിതം നയിച്ചത്. “പിഷ്ട്ടാംബ” എന്ന നാമത്തിൽ അറിയപ്പെട്ടിരുന്ന വൃദ്ധ സുന്ദരേശ്വര ഭഗവാന്റെയും മീനാക്ഷി ദേവിയുടെയും ഭക്തയായിരുന്നു അവർ. താൻ ഉണ്ടാക്കുന്ന ഭക്ഷണം ആദ്യം ബ്രാഹ്മണർക്ക് നൽകുകയായിരുന്നു പതിവ്. ശേഷിച്ചവ വിറ്റ് കിട്ടുന്ന ധനം കൊണ്ട് ജീവിതാവശ്യങ്ങളും നടത്തി. ശരീരം നിത്യമല്ലെന്ന് മനസ്സിലാക്കിയിരുന്ന ആ ഭക്ത ദാന കർമ്മങ്ങളും നിർവഹിച്ച് ഇങ്ങനെ ജീവിച്ചു കൊണ്ടിരിക്കുമ്പോഴാണ് നദീതീരം ഉയർത്തണമെന്ന് ആവശ്യവുമായി രാജദൂതന്മാർ സമീപിച്ചത്. കൂലിക്കാരെ അന്വേഷിച്ചുവെങ്കിലും കിട്ടിയില്ല. വൃദ്ധയുടെ വീടിന്റെ പരിസരം ഉയർത്താതെ കണ്ടപ്പോൾ രാജദൂതന്മാർ ഭവനം തല്ലിപ്പൊളിക്കാൻ തയ്യാറായി. വൃദ്ധ സുന്ദരേശ ഭഗവാനോട്തനിക്ക് ഒരു കൂലിക്കാരനെ എത്തിച്ചു തരണമേ എന്ന് പ്രാർത്ഥിച്ചു.
ഭക്തയുടെ പ്രാർത്ഥന ഭഗവാൻ കേട്ടു. ഒരു കൂലിവേലക്കാരന്റെ രൂപത്തിൽ ഹാലാസ്യനാഥൻ തന്നെ അവിടെ എത്തി. മണ്ണെടുക്കാനുള്ള കുട്ട, മണ്ണു കുഴിക്കുവാനുള്ള തൂമ്പ എന്നിവ കൂടി കൂലിവേലക്കാരൻ ആയി ആഗതനായ ഭഗവാൻ കൊണ്ടുവന്നിരുന്നു. ബ്രഹ്മം ആകുന്ന തലയോട്ടിയാണ് മഹാദേവൻ കുട്ടയാക്കിയത് വെൺമഴ തൂമ്പയായി പ്രകടമായി. ആ കൂലിക്കാരനോട് കൂലിയായി താൻ ഉണ്ടാക്കിയ ആഹാരപദാർത്ഥങ്ങൾ നൽകാമെന്ന് വൃദ്ധ പറഞ്ഞു. പുതിയ കൂലിക്കാരൻ വൃദ്ധ കൂലിയായി നൽകിയ പിട്ട് സ്വീകരിച്ചുകൊണ്ട് നദീതീരത്ത് എത്തി. കൊട്ടാരത്തിൽ നിന്ന് കാര്യസ്ഥനായ ഉദ്യോഗസ്ഥർ വന്നപ്പോൾ കുട്ടയും തൂമ്പയും എടുത്ത് കൂലിക്കാരനെ പോലെ കിതച്ചുകൊണ്ട് നിന്നു. എന്നാൽ ഈ ജോലിക്കാരൻ ജോലി ഒന്നും ചെയ്തിട്ടില്ലെന്ന് മറ്റുള്ളവർ അറിയിച്ചപ്പോൾ ലോകരക്ഷാർത്ഥം നദീതീരം ബന്ധിച്ചത് താൻ ആണെന്ന് അവകാശപ്പെട്ടു.
പിന്നാലെ വന്ന മന്ത്രിയുടെ ചോദ്യങ്ങൾക്ക് ഇങ്ങനെ മറുപടി നൽകി. “എല്ലാ ഭാരവും വഹിച്ചുകൊണ്ട് ജനങ്ങളെ രക്ഷിക്കുവാനായി ഞാൻ മധുരാപുരിയുടെ മധ്യത്തിൽ വസിക്കുന്നു എനിക്ക് മാതാപിതാക്കൾ ഇല്ല വിനയപൂർവ്വം അപേക്ഷിക്കുന്നവർക്ക് ഞാൻ വേണ്ടത് ചെയ്തുകൊടുക്കും രാജാവിനെ എനിക്ക് അല്പവും ഭയമില്ല..”
ഇത് കേട്ടപ്പോൾ കുപിതനായ മന്ത്രി രാജാവ് നദീതീരം സന്ദർശിക്കുവാൻ വരുമെന്നും അപ്പോഴേക്ക് മണ്ണിട്ട് നദീതീരമുയർത്തണമെന്നും പറഞ്ഞു. എന്നാൽ ഈ വാക്കുകൾ ഭഗവാൻ പരിഗണിച്ചില്ല. ഇക്കാര്യങ്ങൾ അറിഞ്ഞ രാജാവ് നദീതീരത്ത് എത്തി പിഷ്ട്ടാംബയുടെ കൂലിക്കാരനെ പ്രഹരിച്ചു.
രാജഭൃത്യന്മാർ ആ വൃദ്ധയുടെ വസതിയിൽ എത്തി അവരെയും പീഡിപ്പിക്കുവാൻ തുടങ്ങിയപ്പോൾ വൃദ്ധ ഹാലാസ്യനാഥനെ വിളിച്ചു പ്രാർത്ഥിച്ചു. ഭക്തയുടെ പ്രാർത്ഥന കേട്ടപ്പോൾ മഹേശ്വരൻ പ്രത്യക്ഷപ്പെട്ടു. വൃദ്ധയ്‌ക്ക് ദിവ്യരൂപം നൽകി ദിവ്യ വിമാനത്തിൽ കയറ്റി കൈലാസത്തിൽ എത്തിച്ചു. ആ വൃദ്ധ ദിവ്യ നാരികളോടൊപ്പം ദിവ്യരൂപിണിയായി വാദ്യഘോഷങ്ങളുടെ അകമ്പടിയോടുകൂടി വിമാനത്തിൽ കയറി പോകുന്നത് കണ്ടപ്പോൾ അവിടെ ഉണ്ടായിരുന്ന എല്ലാവരും അത്ഭുതപ്പെട്ടു.
രാജാവ് ഇതറിഞ്ഞു. അദ്ദേഹം പിഷ്ട്ടാംബയുടെ ഭക്തനെ പ്രഹരിച്ച സമയത്ത് സകലർക്കും അടിയേറ്റ അനുഭവമുണ്ടായിരുന്നു. രാജാവ് ഉൾപ്പെടെ സകലരും അടിക്കുന്ന ആളെ അന്വേഷിച്ചുവെങ്കിലും കണ്ടില്ല. അടിയേറ്റ അനുഭവം ജനങ്ങൾ പരസ്പരം പറഞ്ഞുകൊണ്ടിരുന്നു. നദിതീരം അപ്പോഴേക്കും ഉയർന്നിരുന്നു. രാജാവും മന്ത്രിമാരും പൗരന്മാരും ചിന്തിച്ചു കൊണ്ടിരുന്നപ്പോൾ ഭഗവാന്റെ വാക്കുകൾ ആകാശത്തിൽ നിന്ന് അശരീരിയായി ഉണ്ടായി.
“രാജാവേ പിഷ്ട്ടാംബയെ രക്ഷിക്കുവാനും നല്ലവനായ അങ്ങയെ രക്ഷിക്കുവാനും വേണ്ടിയാണ് ഞാൻ കൂലിവേലക്കാരനായതും അങ്ങയുടെ അടികൊണ്ടതും. അങ്ങ് പ്രഹരിച്ചതിൽ എനിക്ക് അല്പം പോലും പരിഭവമില്ല പണ്ട് അർജുനൻ എന്നെ വില്ലുകൊണ്ട് അടിച്ചിട്ടുണ്ട് അത് ക്ഷമിച്ചത് പോലെ ഞാൻ ഇതും ശ്രമിച്ചു ഭക്തരുടെ പ്രഹരങ്ങൾ ഞാൻ അർച്ചനയായി സ്വീകരിക്കുന്നു. അവരുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുകയും ചെയ്യുന്നു..”
ഭഗവാന്റെ ഈ വാക്കുകൾ കേട്ട ശേഷം രാജാവ് എല്ലാവരോടും ഒപ്പം വാതപുരേശനെ കാണുവാൻ പോയി. തന്റെ അപരാധങ്ങൾ ക്ഷമിക്കണമെന്നും മന്ത്രിയായി തന്നോടൊപ്പം കഴിയണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. എന്നാൽ തനിക്ക് ലൗകിക സുഖങ്ങളിൽ ആഗ്രഹമില്ലെന്നും താൻ ജീവൻ മുക്തിയെ പ്രാപിച്ചിരിക്കുകയാണ് എന്നും പറഞ്ഞ വാതപുരേശൻ അതിൽ നിന്ന് ഒഴിഞ്ഞു. സുന്ദരേശ ഭഗവാൻ തന്നോട് എത്രയും വേഗം ചിദംബരത്തിൽ പോകണമെന്ന് പറഞ്ഞെന്നും അതുകൊണ്ട് ചിദംബരത്തേക്ക് പോകുന്നു എന്നും അങ്ങ് അതിനുള്ള അനുവാദം നൽകണമെന്നും വാതപുരേശൻ രാജാവിനോട് ആവശ്യപ്പെട്ടു.ആ ആവശ്യം രാജാവ് അനുവദിച്ചു. ഹാലാസ്യനാഥനെ നാമജപങ്ങളാല്‍ സ്തുതിച്ചതിനുശേഷം വാതപുരേശൻ ചിദംബരത്തേക്ക് യാത്ര പുറപ്പെട്ടു. ഒടുവിൽ അദ്ദേഹം ചിദംബരത്ത് എത്തുകയും അവിടുത്തെ ശിവഗംഗ എന്ന പുണ്യനദിയിൽ സ്നാനം ചെയ്തതിനുശേഷം ശിവ ധ്യാനത്തിൽ ലയിച്ച് ജീവിതം നയിക്കുകയും ചെയ്തു..
അക്കാലത്ത് മറുനാട്ടിൽ നിന്ന് ചില നിരീശ്വരവാദികൾ ശിഷ്യരോടൊപ്പം അനേകം പുസ്തകങ്ങളുമായി പലയിടങ്ങളിലും സഞ്ചരിച്ച് വൈദിക മതത്തെ വാദത്തിൽ ജയിച്ചു വന്നു. സ്വന്തം മതം സ്ഥാപിക്കുവാൻ ആഗ്രഹിച്ച അവർ ചിദംബരത്തുമെത്തി. അവിടെ വസിക്കുന്ന ശിവ ഭക്തനായ ബ്രാഹ്മണരെയും രോഗിവര്യന്മാരെയും തടഞ്ഞുനിർത്തി ശിവഭഗവാന് എതിരായുള്ള പ്രചരണം ആരംഭിച്ചു. അവർ ഭസ്മരുദ്രാക്ഷങ്ങളെ കുറിച്ച് നിത്യമായി സംസാരിച്ചു. ശിവനാണോ ഭസ്മത്തിനാണോ മാഹാത്മ്യവും പരിശുദ്ധിയും എന്നുള്ള അവരുടെ സംശയത്തിന് ഏഴു ദിവസത്തിനകം മറുപടി നൽകണം ഉത്തരം കിട്ടിയില്ലെങ്കിൽ നടേശന്റെ കനകസഭ തല്ലിപ്പൊളിച്ച് നശിപ്പിക്കും എന്നും അറിയിച്ചു.
ഇപ്രകാരമുള്ള അവരുടെ ദുർഭാഷണങ്ങൾ കേട്ടപ്പോൾ ശിവ ഭക്തന്മാർ ചിന്തയിൽ മുഴുകി അപ്പോൾ അവർക്ക് ഒരു അശരീരി കേൾക്കുവാൻ സാധിച്ചു.
” ജനവനാഥ ക്ഷേത്രത്തിലെ മുല്ലച്ചുവട്ടിൽ വച്ച് ഞാൻ ഗുരുമൂർത്തിയായിരുന്ന വാതപുരേശനെ ദിവ്യദൃഷ്ടിയാൽ നോക്കുകയും ദിവ്യ മന്ത്രോപദേശം നൽകുകയും ചെയ്തു. അന്നുമുതൽ മാണിക്യം പോലെയുള്ള വാക്കുകൾ വാതപുരേശൻ പറയുവാൻ തുടങ്ങി. അതുകൊണ്ട് അദ്ദേഹം മാണിക്യ വാചകർ എന്ന് അറിയപ്പെട്ടു. ഈ നാമം ഉച്ചരിച്ചു വിളിച്ചാൽ അദ്ദേഹം തീർച്ചയായും വരും സംശയം പരിഹരിക്കും.”
ശിവഭക്തർ അങ്ങനെ ചെയ്തു. തില്ല വനത്തിൽ കഴിയുകയായിരുന്ന മാണിക്യ വാചകരെ ശിവ ഭക്തർ നിരീശ്വരവാദികളുടെ ഇടയിലേക്ക് ആഘോഷപൂർവ്വം കൂട്ടിക്കൊണ്ടുവന്നു. അവരുടെ സംശയം പരിഹരിക്കുവാൻ വേണ്ടി വൈദിക മന്ത്രങ്ങൾ ഉച്ചരിച്ചുകൊണ്ട് ഭസ്മ മഹാത്മ്യം പറഞ്ഞു വേദവാക്യങ്ങൾ വിശ്വസിക്കാത്ത അവർ യുക്തിയോടുകൂടി പറയണമെന്ന് ആവശ്യപ്പെട്ടു.. അവർക്ക് വിശ്വാസം ഉണ്ടാക്കുവാൻ ഉണങ്ങിയ ചാണകത്തിൽ അഗ്നി ചേർത്ത് ഉണ്ടാക്കുന്നതാണ് ഭസ്മം എന്ന് കാണിച്ചു കൊടുത്തു ചാണകം ഭസ്മമായി ഭവിച്ചു എന്നും അതിൽ അഗ്നി കാണുന്നില്ല എന്നും. അന്തകാന്തകനായ ഭഗവാൻ അഗ്നിമയനായതുകൊണ്ട് ശിവനും ഭസ്മത്തിനും തമ്മിൽ ബന്ധമുണ്ടെന്നും ഭസ്മം പരിശുദ്ധമാകാനുള്ള കാരണവും അതാണെന്നും മാണിക്യ വാചകൻ പറഞ്ഞു. അദ്ദേഹം വീണ്ടും ഭസ്മഹാത്മ്യം ഉദാഹരണസഹിതം പറഞ്ഞു.
അഗ്നി ശിവമയവും ഭസ്മം അദ്ദേഹത്തിന്റെ ഭൂഷണവും ആണ് അത് ധരിച്ചാൽ ഭക്തിയും മുക്തിയും കിട്ടും ശിവനോടുള്ള ബന്ധം കൊണ്ട് ഗംഗയും രുദ്രാക്ഷവും ഭൂമിയിൽ പവിത്രങ്ങളായി ഭവിച്ചു ഗംഗ സ്നാനത്താൽ മോക്ഷം കിട്ടുന്നതുപോലെ ഭസ്മരുദ്രാക്ഷങ്ങൾ ധരിച്ചാലും മോക്ഷം കിട്ടും. ഭസ്മത്തിൽ അഗ്നി മൂടപ്പെട്ടിരിക്കുന്നത് പോലെ ഭസ്മം കൊണ്ട് ശിവനും മൂടപ്പെട്ടിരിക്കുന്നു.
ഇത് കേട്ടപ്പോൾ കോപിഷ്ഠരായ നിരീശ്വരവാദികൾ അദ്ദേഹത്തെ നിന്ദിച്ചു. മാണിക്യ വാചകർ പറഞ്ഞതൊക്കെ തെറ്റാണെന്നായിരുന്നു അവരുടെ വാദം. തുടർന്ന് ശിവ ഭക്തരും നിരീശ്വരവാദികളും തമ്മിൽ വാഗ്വാദം തുടങ്ങി. കലഹം തീർക്കുന്നതിന് എല്ലാവരും കൂടി ചോള രാജസന്നിധിയിൽ എത്തി.
രാജാവ് ഇങ്ങനെ പറഞ്ഞു.
“നിങ്ങൾ പരസ്പരം വെറുതെ കലഹിക്കേണ്ട ഞാൻ പറയുന്നത് അനുസരിച്ചാൽ കലഹം തീരും, ശിവ ഭക്തരും ഭക്തിയില്ലാത്തവരും അത് സമ്മതിച്ചു. രാജാവ് മൂകയായ തന്റെ പുത്രിയെ എല്ലാവരുടെയും സമീപം കൊണ്ടുവന്ന് ഇരുത്തി.”
അദ്ദേഹം ഇങ്ങനെ പറഞ്ഞു. “എന്റെ പുത്രിക്ക് ഈശ്വരൻ നൽകിയ മൂകത്വം കളഞ്ഞ് വാഗ്‌പാടവം ഉണ്ടാക്കിത്തരുന്ന ആൾ ജയിക്കും”.
അവർ സമ്മതിച്ചു. മാത്രമല്ല ഒരു ശിക്ഷാവിധിയും എല്ലാവരും കൂടി ചേർന്ന് നടപ്പിലാക്കി. തോൽക്കുന്ന ആളുടെ ശരീരം വെട്ടി നുറുക്കി ഒരു ഇരുമ്പ് ചക്കിലിട്ട് ആട്ടുക എന്നുള്ളതായിരുന്നു ശിക്ഷ.
വിഡ്ഢികളും ഭക്തി ഇല്ലാത്തവരും ആയ നിരീശ്വരവാദികൾ കന്യകയുടെ സമീപം ചെന്ന മന്ത്രങ്ങൾ ജപിച്ച ജലം കൊണ്ട് മുഖം കഴുകി സിദ്ധ മന്ത്രങ്ങൾ ജപിച്ചു കന്യകയുടെ മുഖത്തും തളിച്ചു. പക്ഷെ ഒരു മാറ്റവും ഉണ്ടായില്ല. അപ്പോൾ പരാജയം സംഭവിച്ചവർ മാണിക്യ വാചകർക്ക് പാടവം പ്രദർശിപ്പിക്കാനുള്ള അവസരം നൽകി. അദ്ദേഹം ചിദംബരത്തിലും ഹാലാസ്യത്തിലും നൃത്തം ചെയ്യുന്ന സാമ്പനായ നടേശനെ ധ്യാനിച്ചു. ശിവനാമം ഉരുവിട്ടു കൊണ്ട് കന്യകയോട് പാടുവാൻ ആവശ്യപ്പെട്ടു. അപ്പോൾ രാജപുത്രി മൂകത വിട്ട് വേഗം പാടി. രാജാവും കന്യകയും സന്തോഷിച്ചു. ശിവാജ്ഞയാൽ വാണീദേവി നാവിൽ വസിച്ചത് കൊണ്ട് രാജകുമാരി അനേകം സ്തോത്രങ്ങൾ പാടി. നിരീശ്വരവാദവുമായി എത്തിയവർക്ക് നേരത്തെ നിശ്ചയിച്ച ശിക്ഷ നടപ്പാക്കി. അവരെല്ലാവരും കാലപുരി പ്രവേശിച്ചു.
ചോള രാജാവും ചോള ദേശവാസികളും ശിവഭക്തരായി ഭവിച്ചു. മാണിക്യ വാചകർ ശിവസംബന്ധമായ ചതുർവേദ സാരങ്ങളായ അനവധി ദ്രാവിഡ ഗാനങ്ങൾ രചിച്ചു പ്രചരിപ്പിച്ചു. അതിനുശേഷം ഉടലോടെ ശിവലോകം പൂകി. അരി മർദ്ദന രാജാവ് പരമേശ്വരന്റെ കടാക്ഷത്തിൽ ഭരണം പുത്രനായ ജഗന്നാഥനെ ഏൽപ്പിച്ചതിനു ശേഷം ശിവലോകം പ്രാപിച്ചു. സുന്ദരേശ ഭക്തിയോടുകൂടി ജഗന്നാഥനും നീതിപൂർവ്വം രാജ്യം പരിപാലിച്ചു.
ഈ ലീല സമ്പത്തും സുഖവും മോശവും നൽകുന്നു മാത്രമല്ല ആഗ്രഹങ്ങളും സാധിപ്പിക്കും.
അടുത്ത ഹാലാസ്യ മാഹാത്മ്യം 62 – കുബ്ജപാണ്ഢ്യന്റെ ജ്വര നിവാരണം.
അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്……
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..















