സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ 28 റൺസിന് ആധികാരികമായി തോൽപ്പിച്ച് ഓസ്ട്രിലയ അവരുടെ വേട്ട തുടങ്ങി. മഴനിയമ പ്രകാരമായിരുന്നു വിജയം. 17 വർഷത്തെ ചരിത്രം തിരുത്തി ഹാട്രിക്കുമായി ബംഗ്ലാദേശിനെ എറിഞ്ഞൊടിച്ച കമ്മിൻസാണ് വിജയ ശില്പി. ബ്രെറ്റ് ലീക്ക് ശേഷം ടി20 ലോകകപ്പിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ മാത്രം ഓസ്ട്രേലിയൻ താരമാണ് കമ്മിൻസ്. ടി20 ലോകകപ്പിന്റെ പ്രഥമ സീസണിലായിരുന്നു ലീയുടെ നേട്ടം.
ഇരുവരും ഈ നേട്ടം കൈവരിച്ചതാകട്ടെ ബംഗ്ലാദേശിനെതരയെന്നതും മറ്റൊരു കൗതുകം. 18-ാം ഓവറിലെ നാലാം പന്തിൽ മൊഹ്മുദുള്ളയെയും അഞ്ചാം പന്തിൽ മഹേദി ഹസനെയും പുറത്താക്കിയ കമ്മിൻസ് 20-ാം ഓവറിന്റെ ആദ്യ പന്തിൽ തൗഹിദ് ഹൃദോയിയെയും കൂടാരം കയറ്റുകയായിരുന്നു. ടി20 ലോകകപ്പ് ചരിത്രത്തിൽ ഹാട്രിക് നേടുന്ന ഏഴാമത്തെ ബൗളറാണ് കമ്മിൻസ്.
ടോസ് നേടിയ ഓസ്ട്രേലിയ ബംഗ്ലാേശിനെ ബാറ്റിംഗിന് വിടുകയായിരുന്നു. നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുക്കാനെ അവർക്കായുള്ളൂ. 41 റൺസെടുത്ത നജ്മുൾ ഷാൻ്റോയാണ് ടോപ് സ്കോററർ. തൗഹിദ ഹൃദോയ് 40 റൺസെടുത്തു. ആദം സാംപ രണ്ടും സ്റ്റാർക്ക്, സ്റ്റോയിനിസ്,മാക്സ്വെൽ എന്നിവർ ഓരോ വിക്കറ്റുവീതവും നേടി.
മറുപടി ബാറ്റിംഗിൽ ഡേവിഡ് വാർണറും ട്രാവിസ് ഹെഡും തകർത്തടിച്ചാണ് തുടങ്ങിയത്. ഇരുവരും ചേർന്ന് ഏഴോവറിൽ 65 റൺസ് കൂട്ടിച്ചേർത്തു. 11.2 ഓവറിൽ 100/2 എന്ന നിലയിലായിരുന്നപ്പോഴാണ് മഴയെത്തിയത്. വാർണർ 53*(35), ട്രാവിസ് ഹെഡും 31(21) മിച്ചൽ മാർഷുമാണ് (1) പുറത്തായ താരങ്ങൾ. മാക്സ് വെൽ(14) പുറത്താകാതെ നിന്നു. റിഷാദ് ഹൊസൈൻ രണ്ടു വിക്കറ്റെടുത്തു.