വിറ്റാമിൻ സി, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ധാരാളം നിറഞ്ഞ ഫലമാണ് നെല്ലിക്ക. ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള നെല്ലിക്ക, ആയുർവേദ മരുന്നുകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. എന്നാൽ നമ്മളിൽ ഭൂരിഭാഗം പേരും നെല്ലിക്ക അച്ചാർ ഇട്ടാണ് ഉപയോഗിക്കാറുള്ളത്. എത്ര പേർ നെല്ലിക്ക കുതിർത്ത് അല്ലെങ്കിൽ പൊടിച്ച് വെള്ളത്തിൽ കലർത്തി കുടിക്കാറുണ്ട്? പലർക്കും ഇതിനെപ്പറ്റി അറിയുക പോലും ഉണ്ടാവില്ല. ആൻ്റിഓക്‌സിഡൻ്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉള്ളതിനാൽ എല്ലാ ദിവസവും രാവിലെ നെല്ലിക്ക വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എങ്ങനെയാണ് നെല്ലിക്ക വെള്ളം ഉണ്ടാക്കുക? എന്താണ് ഗുണങ്ങൾ? അറിയാം….
നെല്ലിക്കാ വെള്ളം ഉണ്ടാക്കുന്ന വിധം
ഒരുപിടി നെല്ലിക്ക എടുത്ത് തലേദിവസം വൈകുന്നേരം നന്നായി കഴുകിയശേഷം വെള്ളത്തിൽ ഇട്ടു വയ്‌ക്കുക. മുറിച്ചിടുന്നത് ഉത്തമമാണ്. രാവിലെ ആകുമ്പോഴേക്കും അതിന്റെ സത്ത വെള്ളത്തിൽ അലിഞ്ഞു ചേർന്നിരിക്കും. ഈ വെള്ളം ഈ വെള്ളം കുടിക്കാം. നെല്ലിക്ക ചതച്ചരച്ച് വെള്ളത്തിൽ ചേർത്ത് കുടിക്കാവുന്നതാണ്. ഇതല്ലെങ്കിൽ, നെല്ലിക്ക ഉണക്കി പൊടിച്ച് സൂക്ഷിക്കാം. ഇതാവുമ്പോൾ ഓരോ ദിവസവും രാവിലെ രണ്ട് ടീസ്പൂൺ വെള്ളത്തിൽ കലക്കി കുടിച്ചാൽ മതിയാവും.
നെല്ലിക്ക വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ
- പ്രതിരോധശേഷി വർധിപ്പിക്കുന്നു.
വൈറ്റമിൻ C-യാൽ സമ്പുഷ്ടമാണ്. ഇത് വെളുത്ത രക്താണുക്കളുടെ ഉൽപാദനവും പ്രവർത്തനവും വർദ്ധിപ്പിക്കുന്നു. - ദഹനം മെച്ചപ്പെടുത്തുന്നു.
നെല്ലിക്കയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ലഘുവായ പോഷകമായി ഇത് പ്രവർത്തിക്കും. മലവിസർജ്ജനം പ്രോത്സാഹിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. - ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
വിറ്റാമിൻ സി ഉൾപ്പെടെയുള്ള നെല്ലിക്കയിലെ ആൻ്റിഓക്‌സിഡൻ്റുകൾ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്‌ക്കുന്നതിനും കൊളാജൻ ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് ചർമ്മം ആരോഗ്യത്തോടെയും തിളക്കത്തോടെയും ഇരിക്കാൻ സഹായിക്കും. - രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
ഉയർന്ന നാരുകളും ക്രോമിയം സാന്നിധ്യവും കാരണം ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നെല്ലിക്ക സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും അനുബന്ധ പ്രശ്നങ്ങളില്ലാതാക്കുകയും ചെയ്യും.
കൂടാതെ ശരീരഭാരം കുറയ്‌ക്കുക, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക, മുടിയുടെ കരുത്ത് വർദ്ധിപ്പിക്കുക, കാഴ്ച മെച്ചപ്പെടുത്തുക തുടങ്ങിയ നിരവധി ഗുണങ്ങൾ നെല്ലിക്ക വെള്ളം കുടിക്കുന്നതിലൂടെ ലഭിക്കുന്നു.















