എറണാകുളം: ടി പി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവിന് നീക്കം. കൊലയാളി സംഘത്തിലെ മൂന്നു പേരെ വിട്ടയക്കാനാണ് സർക്കാർ നീക്കം നടത്തുന്നത്. സംഭവത്തിൽ കണ്ണൂർ ജയിൽ സൂപ്രണ്ട് പൊലീസിന് അയച്ച കത്തിന്റെ പകർപ്പ് പുറത്ത് വന്നു. ടികെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് ഈ പട്ടികയിലുള്ളത്.
ഹൈക്കോടതിയുടെ വിധി ലംഘിച്ച് കൊണ്ടാണ് സർക്കാർ ടിപി കേസ് പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നത്. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. പ്രതികളുടെ അപ്പീൽ തള്ളിയായിരുന്നു ശിക്ഷ വർദ്ധിപ്പിച്ചത്. ഇതിനിടയിലാണ് സർക്കാരിന്റെ പുതിയ നീക്കം.
2012 മെയ് നാലിന് രാത്രി പത്ത് മണിക്കാണ് മുൻ സിപിഎം നേതാവ് കൂടിയായ ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. വടകര വള്ളിക്കോട് വച്ചായിരുന്നു സംഭവം. ഇന്നോവ കാറില്‍ പിന്തുടര്ന്നെത്തിയ കൊലയാളി സംഘം ടി പി ചന്ദ്രശേഖറിനെ ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ടിപി ചന്ദ്രശേഖരനോടുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് അന്ന് മുതൽ ഉയരുന്ന ആരോപണം.