ന്യൂഡൽഹി: കടുത്ത ജലക്ഷാമത്തിൽ വലയുന്ന ഡൽഹിയിൽ ബിജെപിയുടെ പ്രതിഷേധ മാർച്ചിന് നേരെ പൊലീസിന്റെ ജലപീരങ്കി പ്രയോഗം. ബിജെപി നേതാവ് രമേശ് ബിധുരിയുടെ നേതൃത്വത്തിൽ ഓഖ്‌ലയിലെ ജൽ ബോർഡിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് നേരെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.
കടുത്ത വരൾച്ചയിലും ജലക്ഷാമത്തിലും ഡൽഹി സർക്കാർ തുടരുന്ന നിഷ്ക്രിയത്വത്തിനെതിരെയായിരുന്നു പ്രതിഷേധം. കുടിവെള്ളത്തിനുപോലും ദിവസങ്ങളോളം കാത്തിരിക്കേണ്ടുന്ന അവസ്ഥയിലാണ് ഡൽഹിയിൽ ജനങ്ങൾ. മാസങ്ങളായി ഈ അവസ്ഥ തുടർന്നിട്ടും സർക്കാർ നടപടികൾ ഒന്നും സ്വീകരിക്കുന്നില്ലെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു.
അതേസമയം ജലക്ഷാമത്തെ തുടർന്ന് ജലം അനാവശ്യമായി പാഴാക്കുന്നതിനെതിരെ കടുത്ത നിയന്ത്രണങ്ങളും പിഴയും സർക്കാർ ജനങ്ങൾക്കുമേൽ ചുമത്തിയിരുന്നു. ഒരുവശത്ത് പാർക്കുകളിലെ ഫൗണ്ടെയൻ മുതൽ വാഹനങ്ങൾ കഴുകുന്നതിനുവരെ സർക്കാർ നിയന്ത്രണമേർപ്പെടുത്തുമ്പോൾ ജലക്ഷാമത്തിൽ പ്രതിഷേധിച്ച് തെരുവിൽ ഇറങ്ങിയവർക്കുനേരെ ജലപീരങ്കി തന്നെ പ്രയോഗിക്കുന്ന പൊലീസിന്റെ നടപടിയാണ് വിരോധാഭാസമായി മാറിയിരിക്കുന്നത്.