തിരുവനന്തപുരം: ഭാരതത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ബഹിരാകാശ ദൗത്യമായിരുന്നു ചന്ദ്രയാൻ 3. സോഫ്റ്റ്ലാൻഡിംഗ് നടത്തിയ ചന്ദ്രയാന്റെ ലാൻഡറും റോവറും ഇപ്പോഴും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലുണ്ട്. നെയ്യാറ്റിൻകരയിലുമുണ്ട് അതുപോലൊരു ചന്ദ്രയാൻ പേടകം. ഒരു ഗ്രാം സ്വർണത്തിൽ തീർത്ത ചന്ദ്രയാൻ.
ബഹിരാകാശ രംഗത്ത് ഭാരതം കൈവരിച്ച സുവർണ നേട്ടമായ ചന്ദ്രയാൻ 3 പേടകത്തിന്റെ മാതൃക സ്വർണത്തിൽ തീർത്തിരിക്കുകയാണ് നെയ്യാറ്റിൻകര സ്വദേശിയായ ജ്വല്ലറി ഉടമ ഡോ. ശബരിനാഥ് രാധാകൃഷ്ണൻ. ഒരു മാസത്തെ അധ്വാനത്തിനൊടുവിലാണ് ചന്ദ്രയാൻ 3 പേടകത്തിന്റെ മാതൃക ഒരു ഗ്രാം സ്വർണത്തിൽ ശബരിനാഥ് നിർമിച്ചെടുത്തത്. രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തുമ്പോൾ സ്വർണ-ചന്ദ്രയാനെ സമ്മാനിക്കണമെന്നാണ് യുവാവിന്റെ ആഗ്രഹം.
അര ഗ്രാം സ്വർണത്തിൽ നിർമിച്ച ലോകത്തിലെ ഏറ്റവും ചെറിയ നിലവിളക്കും ഓടക്കുഴലും മുൻ ഉപരാഷ്ട്രപതി ഭൈറോൺ സിംഗ് ഷെഖാവത്തിന് ഉപഹാരമായി ശബരിനാഥ് നൽകിയിരുന്നു. സ്വർണത്തിൽ പണിത ചന്ദ്രയാൻ 1, ചന്ദ്രയാൻ 2, വലംപിരി ശംഖ് എന്നിവയും ശബരിനാഥിന്റെ ശേഖരത്തിലുണ്ട്.