ശ്രീനഗർ: ഈ വർഷം മെയ് വരെ കശ്മീർ താഴ്വര സന്ദർശിച്ചത് 86 ലക്ഷം വിനോദ സഞ്ചാരികളെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ശ്രീനഗറിലെ കശ്മീർ ഹെറിറ്റേജ് ഗവണ്മെന്റ് ആർട്സ് എംപോറിയത്തിൽ നടന്ന “ട്രേഡ് ഷോ 2024 ” ൽ സംസാരിക്കവെയാണ് അദ്ദേഹം വിനോദസഞ്ചാര മേഖലയിൽ സംസ്ഥാനത്തിന്റെ കുതിപ്പ് വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 80 ലക്ഷം വിനോദ സഞ്ചാരികളാണ് കാശ്മീരിലെത്തിയതെന്നും ഈ വർഷം മെയ് വരെ മാത്രം 6 ലക്ഷം വിനോദ സഞ്ചാരികളുടെ വർദ്ധനവ് ഉണ്ടായതായും അദ്ദേഹം പറഞ്ഞു.
വിനോദ സഞ്ചാര മേഖലയിലെ കുതിപ്പ് കശ്മീരിന്റെ പ്രകൃതി രമണീയതയും ജമ്മുകശ്മീർ സർക്കാരിന്റെ കഠിനാധ്വാനവും സൂചിപ്പിക്കുന്നുവെന്ന് സിൻഹ പറഞ്ഞു. കാശ്മീരിലെത്തുന്ന എല്ലാവർക്കും സ്വസ്ഥവും ആസ്വാദ്യകരവും സമാധാനവുമായ അനുഭവം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. സഞ്ചാരികൾ വർദ്ധിച്ചതോടെ കശ്മീരിലെ കൈത്തറി, കരകൗശലം, കൃഷി, ഹോർട്ടിക്കൾച്ചർ തുടങ്ങിയ മേഖലകളുടെ വളർച്ചയ്‌ക്കും വഴിയൊരുക്കിയെന്നും മനോജ് സിൻഹ ചൂണ്ടിക്കാട്ടി.
380000 ത്തിലധികം കരകൗശല വിദഗ്ധരാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുളളത്. കഴിഞ്ഞ വർഷം ജൂണിൽ 32 കരകൗശല വസ്തുക്കൾ കൂടി അംഗീകരിച്ച് വിജ്ഞാപനം ചെയ്തു. ഇതോടെ കശ്മീരിലെ രജിസ്റ്റർ ചെയ്ത ക്രാഫ്റ്റുകളുടെ എണ്ണം 60 ലെത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കശ്മീർ അവസരങ്ങളുടെ പുതിയ യുഗത്തിലേക്ക് കടന്നുവെന്നാണ് ട്രേഡ് ഷോ കാണിച്ചുതരുന്നത്. കശ്മീരിന്റെ സമ്പന്നമായ സംസ്‌കാരവും പാരമ്പര്യവും കാർഷികശക്തിയും കണക്കിലെടുത്തുളള നയങ്ങളാണ് ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത്. സുസ്ഥിര വളർച്ചയും കൂടുതൽ തൊഴിൽ അവസരങ്ങളും ഇതിലൂടെ ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.