നവി മുംബൈ: ആവേശം അലതല്ലിയ രാവിൽ മലയാള സിനിമയിലെ ഇരുപതോളം താരങ്ങൾ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയപ്പോൾ മുംബൈ മലയാളികൾക്ക് അത് അവിസ്മരണീയമായ മുഹൂർത്തമായി. ന്യൂ ബോംബെ കൾച്ചറൽ സെന്റർ അക്ബർ ട്രാവൽസിന്റെയും എൽഐസിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച നാലാമത് മലയാള സിനിമാ അവാർഡ് നിശ വാശി സിഡ്കോ ഹാളിൽ തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിൽ നടന്നു.
മികച്ച നടനുള്ള പുരസ്‌കാരം വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും പങ്കിട്ടു. മികച്ച നടിയായി നിഖിലാ വിമൽ, സ്‌പെഷ്യൽ ജൂറി പുരസ്‌കാരം സൈജു കുറുപ്പ്, മികച്ച സംവിധായകൻ രമേശ് പിഷാരടി, റിയാസ് ഖാൻ, ബിജു നാരായണൻ, നിത്യ മാമൻ, ഇടവേള ബാബു, കുമാരി ദേവനന്ദന (മാളികപ്പുറം), കുഞ്ഞികൃഷ്ണൻ മാസ്റ്റർ, രഞ്ജിൻ രാജ്, ചിത്ര നായർ, ദേവിക, നന്ദു പൊതുവാൾ, സുധൻ കൈവേലി, സുധീഷ് നായർ തുടങ്ങി ചലച്ചിത്ര രംഗത്ത് വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവർക്കാണ് അവാർഡുകൾ കൈമാറിയത്.
ചാനൽ പരിപാടികളിലൂടെ ശ്രദ്ധേയരായ കലാ പ്രതിഭകൾ അണിനിരന്ന നൃത്ത സംഗീത ഹാസ്യ വിരുന്ന്, അഷ്ടപദി കളരിസംഘം അവതരിപ്പിച്ച കളരിപ്പയറ്റ്, എൻബിസിസി യൂത്ത് വിഭാഗം അവതരിപ്പിച്ച നൃത്ത പരിപാടികൾ തുടങ്ങിയവ അവാർഡ് നിശക്ക് തിളക്കമേകി. മനോജ് മാളവികയുടെ നേതൃത്വത്തിൽ നടന്ന താര നിശയിൽ ആശിഷ് എബ്രഹാംമും ജീനു നസീറും അവതാരകരായി.